കൊല്ലം / വൈക്കം : ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയശേഷം കാണാതായ ഉറ്റ സുഹൃത്തുക്കളായ പെൺകുട്ടികളുടെ മൃതദേഹം വേമ്പനാട്ട് കായലിൽ നിന്നും കണ്ടെത്തി.കൊല്ലം അഞ്ചൽ ഇടയം അനി വിലാസത്തിൽ അനിൽകുമാറിന്റെ മകൾ അമൃത (21), കൊല്ലം ആയൂർ അഞ്ജു ഭവനിൽ അശോകന്റെ മകൾ ആര്യ ജി. അശോക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
കഴിഞ്ഞ 13 മുതൽ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാത്രി 7.45ന് ഇരുവരും വൈക്കം എറണാകുളം റോഡിലെ ചെമ്പ് മുറിഞ്ഞുപുഴ പാലത്തിൽ നിന്ന് ചാടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പാലത്തിന് മുകളിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് കോട്ടയം സ്വദേശിയായ ഒരു യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരു പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ഈ യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസ് പാലത്തിന് സമീപത്തു നിന്ന് ഇരുവരുടെയും ചെരുപ്പും തൂവാലയും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്നാം ദിവസം മൃതദേഹം കണ്ടെത്തുന്നത്. തീവ്രമായ സൗഹൃദത്തിലായിരുന്നു രണ്ടുപേരുമെന്നും, പിരിയേണ്ടിവരുമെന്ന വിഷമംമൂലം ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ അഞ്ചലിലെ സ്വകാര്യ കോളേജിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഇരുവരെയും വൈകിട്ടായിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ഉച്ചയ്ക്ക് ആര്യയുടെ അമ്മ ഗീത മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ കടയിൽ നിൽക്കുകയാണെന്നും ഉടൻ വരുമെന്നുമായിരുന്നു മറുപടി. പിന്നീട് മൊബൈൽ സ്വിച്ച്ഡ് ഓഫായി. തുടർന്ന് ആര്യയുടെ വീട്ടുകാർ അഞ്ചലിലെ അമൃതയുടെ വീട്ടിൽ അന്വേഷിച്ചു. അമൃതയും വീട്ടിലെത്തിയില്ലെന്ന് അറിഞ്ഞതോടെയാണ് ഇരുവീട്ടുകാരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോളേജിൽ ബന്ധപ്പെട്ടപ്പോൾ അവിടെയും എത്തിയിട്ടില്ലെന്ന് മനസിലായി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ പെൺകുട്ടികൾ തിരുവല്ല ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു. ചടയമംഗലം, അഞ്ചൽ സി.ഐമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ശനിയാഴ്ച രാത്രി പെൺകുട്ടികളുടേതെന്ന് സംശയിക്കുന്ന തൂവാലയും ചെരുപ്പും വക്കത്തു നിന്ന് കിട്ടിയതായി സന്ദേശമെത്തുന്നത്. ഞായറാഴ്ച പകൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ വീണ്ടും തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിന്ദുകലയാണ് അമൃതയുടെ അമ്മ. സഹോദരി : അഖില. ഗീതയാണ് ആര്യയുടെ അമ്മ. സഹോദരി: അഞ്ജു.
ദുരന്തത്തിലവസാനിച്ച ഉറ്റസൗഹൃദം
മൂന്ന് വർഷം മുൻപ് അഞ്ചലിലെ ഒരു കോളേജിൽ ബിരുദപഠനത്തിനെത്തിയത് മുതലാണ് ആര്യയും അമൃതയും സുഹൃത്തുക്കളായത്. പരസ്പരം വീടുകൾ സന്ദർശിക്കുകയും ബന്ധുക്കളുടെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അമൃതയുടെ അച്ഛൻ അനി ശിവദാസൻ കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നപ്പോൾ അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇതിനിടെ അമൃതയുടെ വിവാഹം നടത്താനും പിതാവ് ആലോചിച്ചിരുന്നു. വേർപിരിയേണ്ടിവരുന്നതിലുള്ള വിഷമത്താൽ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെങ്കിലും മറ്റ് സാഹചര്യങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മകളുടെ മരണമറിയാതെ മാതാപിതാക്കൾ
പെൺകുട്ടികളുടെ മരണവാർത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കൾ ഇതുവരെ വിവരമറിഞ്ഞിട്ടില്ല. മരപ്പണിക്കാരനായ അശോകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയുടെയും രണ്ടാമത്തെ മകളാണ് ആര്യ. ആര്യയെ കാണാതായെന്ന് അറിഞ്ഞയുടൻ ബോധരഹിതയായ അമ്മ ഗീത ആശുപത്രിയിലാണ്. മകളുടെ തിരോധാനം അറിഞ്ഞത് മുതൽ മുറിയിൽ ഒരേ കിടപ്പിലാണ് അശോകൻ. മൂത്തമകൾ അഞ്ജുവിനെ നാല് വർഷം മുമ്പ് വിവാഹം കഴിപ്പിച്ചയച്ചിരുന്നു. പഠനത്തിൽ അതിസമർത്ഥയായിരുന്നില്ലെങ്കിലും ബിരുദമെടുക്കണമെന്ന ആര്യയുടെ ആഗ്രഹത്തെ തുടർന്നാണ് ഡിഗ്രിക്ക് ചേർത്തത്. പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് ഇരുവരോടും കാര്യങ്ങൾ ധരിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബന്ധുക്കൾ. വൈക്കത്ത് നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.