പാരിപ്പള്ളി: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നെടുമങ്ങാട് സ്മിതാഭവനിൽ ഡ്രൈവർ അഭിലാഷ് (39), കണ്ടക്ടർ അഞ്ചൽ മിഥുലാലയത്തിൽ മിഥുൻ (37), യാത്രക്കാരായ നെടുമങ്ങാട് ആര്യഭവനിൽ അജിത് കുമാർ (55), കുരിയാത്തി കരിക്കാട്ട് പുത്തൻവീട്ടിൽ ശ്രീകല (51), വെഞ്ഞാറമൂട് മണ്ണൺവിള പുത്തൻവീട്ടിൽ ശ്രുതി ജയൻ (24), കടവൂർ കിഴക്കേടത്ത് വീട്ടിൽ അനീഷ് (39), പാരിപ്പള്ളി സിംലാമന്ദിരത്തിൽ ചിത്രാംഗദൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ കടമ്പോട്ടുകോണത്തുവച്ച് തെന്നിമാറി സമീപത്തെ കലുങ്കിൽ ഇടിച്ച് പാതയോരത്തെ കുഴിയിലേക്ക് മറിഞ്ഞത്. ഒാടിക്കൂടിയ നാട്ടുകാരും കല്ലമ്പലത്ത് നിന്നെത്തിയ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പാരിപ്പള്ളി മെഡി. കോളേജിൽ എത്തിച്ചത്. പിന്നീട് പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തി മാറ്റിയത്.