കരുനാഗപ്പള്ളി : എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രതിരോധം സംഘടിപ്പിച്ചു. വാർഡ്, ഡിവിഷൻ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കരുനാഗപ്പള്ളി വെസ്റ്റിൽ നടന്ന പ്രതിഷേധ സംഗമം സൂസൻകോടി ഉദ്ഘാടനംചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി .ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. തൊടിയൂരിൽ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രനും ഇടക്കുളങ്ങര മാമ്മൂട് ജംക്ഷനിൽ നടന്ന സമരപരിപാടി സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ളയും ഉദ്ഘാടനം ചെയ്തു. കുലശേഖരപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും ആർ .സോമൻ പിള്ള കൊറ്റംപള്ളിയിലും കടത്തൂർ മൻസൂർ തഴവയിലും ആർ.രവി വെട്ടത്ത്മുക്കിലും യു.കണ്ണൻ തറയിൽമുക്കിലും സമരം ഉദ്ഘാടനം ചെയ്തു.