liquor

ഗുജറാത്തിലെ ഗാന്ധിനഗറിലെ ഒരു ഗ്രാമത്തിൽ വിവാഹം കഴിക്കണമെങ്കിൽ വരൻ ചില 'കടമ്പകൾ" കടക്കണം. ഗാന്ധിനഗറിലെ പിയാജ് എന്ന ഗ്രാമത്തിൽ പെൺവീട്ടുകാരുടെ സംഘമാണ് വരന്റെ ‘മണം’ പിടിച്ച് വിവാഹത്തിനുള്ള സമ്മതം നൽകുന്നത്. മദ്യത്തിന്റെ മണം കണ്ടെത്താൻ പൊലീസുകാർ ബ്രീത്ത് അനലൈസർ ഉപയോഗിക്കാറില്ലേ? അതേ പരീക്ഷണമാണ് ഇവിടെ വരൻ നേരിടേണ്ടി വരുന്നത്. പെണ്ണിന്റെ അച്ഛൻ, സഹോദരൻ, അമ്മാവൻ തുടങ്ങി ഇരുപത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങൾക്ക് ചെക്കൻ മദ്യപിക്കില്ലെന്ന് ബോദ്ധ്യം വന്നാലേ വിവാഹനിശ്ചയം നടക്കൂ. വിവാഹ ദിവസവും ഇത്തരം പരീക്ഷണങ്ങൾ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് വരന് പ്രതീക്ഷിക്കാം. എവിടെയെങ്കിലും പാളിപ്പോയാൽ ആ നിമിഷം തന്നെ അവർ വിവാഹം വേണ്ടന്നുവയ്ക്കും. ഇനി അഥവാ പെൺവീട്ടുകാരെ പറ്റിച്ച് വിവാഹം നടന്നു എന്നിരിക്കട്ടെ, വിവാഹശേഷം മദ്യപിച്ചതിന് വരൻ പിടിയ്ക്കപ്പെട്ടാൽ പെൺവീട്ടുകാർക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണം.

വിവാഹം നിശ്ചയിച്ച ശേഷം വരനും മാതാപിതാക്കളും മദ്യപിക്കുന്നുണ്ടോ, മദ്യശാലകൾ സന്ദർശിക്കുന്നുണ്ടോ എന്ന അന്വേഷണവും വധുവിന്റെ വീട്ടുകാർ നടത്തും. ഇതിനായി പെൺകുട്ടിയുടെ വീട്ടുകാർ കുറച്ച് പേരെ നിയോഗിക്കുകയും ചെയ്യും. ഗുജറാത്ത് ഗാന്ധിനഗറിലെ ഗ്രാമങ്ങളിൽ ഈ സമ്പ്രദായം തുടങ്ങിയിട്ട് വെറും അഞ്ച് വർഷമേ ആയിട്ടുള്ളൂ. 20 വയസിൽ താഴെയുള്ള പതിനഞ്ചോളം യുവാക്കൾ മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഈ ഗ്രാമത്തിൽ മരണമടഞ്ഞതാണ് ഇത്തരത്തിലൊരു കടുത്ത നിരീക്ഷണത്തിന് ഗ്രാമീണരെ പ്രേരിപ്പിച്ചത്. ഈ പ്രദേശത്തെ വിവിധ ഗ്രാമങ്ങളിൽ ചെറുപ്രായം മുതലുള്ള മദ്യപാനം ഗുരുതരമായ പ്രശ്നമാണ്. ഈ ദുശീലം കുടുംബബന്ധനങ്ങളുടെ ശിഥിലീകരണത്തിനും അകാല മരണത്തിനും കാരണമാകുന്നുണ്ട്. വിവാഹം കഴിക്കണമെങ്കിൽ മദ്യപാന ശീലം ഉപേക്ഷിക്കണം എന്ന വ്യവസ്ഥയാണ് ആൺകുട്ടികൾക്ക് മുന്നിൽ ഗ്രാമമുഖ്യന്മാർ വയ്ക്കുന്നത്. ഈ വ്യവസ്ഥ മൂലം പലരും മദ്യപാന ശീലം പൂർണമായും ഉപേക്ഷിച്ചു കഴിഞ്ഞു.