ശ്രദ്ധേയ പദ്ധതികളില്ലെന്ന് വിമർശനം
കൊല്ലം: ഇടത് തരംഗം ആഞ്ഞുവീശിയ 2015ൽ അതിനോട് മുഖം തിരിഞ്ഞ് യു.ഡി.എഫിനൊപ്പം നിന്ന ഡിവിഷനാണ് കലയപുരം. കലയപുരത്ത് അഞ്ച് വർഷത്തിനിടെ കാതലായ മാറ്റങ്ങളുണ്ടായെന്നാണ് യു.ഡി.എഫ് നിലപാട്. എന്നാൽ ശ്രദ്ധേയ പദ്ധതികൾ നടപ്പായില്ലെന്നാണ് എൽ.ഡി.എഫ് വിമർശനം. നിലവിലെ അംഗം ആർ. രശ്മിയെ തന്നെയാണ് ജനറൽ ഡിവിഷനായിട്ടും യു.ഡി.എഫ് വീണ്ടും മത്സരത്തിന് നിയോഗിച്ചത്. 19 വാർഡുകളുള്ള കുളക്കട പഞ്ചായത്ത്, മൈലം പഞ്ചായത്തിലെ 19 വാർഡുകൾ, പട്ടാഴിയിലെ 9 വാർഡുകൾ, പവിത്രേശ്വരത്തെ രണ്ട് വാർഡുകൾ അടക്കം 49 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് കലയപുരം ഡിവിഷൻ.
ഭരണപക്ഷം
1. 5,67,70,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി
2. റോഡുകളുടെ നിർമ്മാണം, പുനരുദ്ധാരണം എന്നിവ പൂർത്തിയാക്കി
3. സ്കൂളുകളുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിച്ചു, ആധുനികവത്കരിച്ചു
4. ക്ഷീര സാന്ത്വനം, അജഗ്രാമം പദ്ധതികളിലൂടെ പശു, ആട് വിതരണം
5. കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ പരിശീലനവും ആധുനിക തയ്യൽ യന്ത്രങ്ങളും നൽകി
6. വിവിധ സ്കൂളുകൾക്ക് ലാബ് കെമിക്കൽസ്, ഫർണിച്ചറുകൾ
7. അംഗ പരിമിതരായ 25 പേർക്ക് മുച്ചക്രവാഹനങ്ങൾ
8. ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും
9. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ലാംഗ്വേജ് ലാബ്
10. തിരഞ്ഞെടുത്ത യൂത്ത് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ
ആർ. രശ്മി
ജില്ലാ പഞ്ചായത്തംഗം, കോൺഗ്രസ്
പ്രതിപക്ഷം
1. ജില്ലാ പഞ്ചായത്ത് ഭരണ സമിതി മാതൃകാപരമായ വികസന പദ്ധതികളാണ് നടപ്പാക്കിയത്
2. എന്നാൽ, അതിന്റെ പ്രതിഫലനം കലയപുരം ഡിവിഷനിൽ ഉണ്ടായില്ല
3. ചില റോഡുകളുടെ നവീകരണം അല്ലാതെ മറ്റ് പദ്ധതികളൊന്നുമില്ല
4. ആനുകൂല്യങ്ങൾ അർഹരായവർക്ക് നൽകാതെ ഇഷ്ടക്കാരുടെ ഗ്രൂപ്പുകൾക്ക്
5. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികൾക്ക് ഒരുവിധ പിന്തുണയും നൽകിയില്ല
6. കുടിവെള്ള പദ്ധതികൾക്ക് ഒന്നും ചെയ്തില്ല
7. കാർഷിക ജലസേചനത്തിന് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ പദ്ധതികൾക്ക് ഒപ്പം നിന്നില്ല
8. കാർഷിക മേഖലയിലെ പദ്ധതികളോട് മുഖം തിരിച്ചു
9. സ്കൂളുകളിൽ വികസനങ്ങൾ വേണ്ട തരത്തിൽ നടപ്പാക്കിയില്ല
10. നിരവധി വികസന സാദ്ധ്യതകൾ നടപ്പാക്കാതിരുന്നത് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും
ആർ. രാജേഷ്, സി.പി.എം
ഏരിയാ കമ്മിറ്റി അംഗം, കൊട്ടാരക്കര