amritha

കൊല്ലം: മരണത്തിലും ഒരുമിച്ച ആര്യയ്ക്കും അമൃതയ്ക്കും നാടിന്റെ അന്ത്യാഞ്ജലി. മൂവാറ്റുപുഴയാറ്റിൽ ചാടിമരിച്ച അഞ്ചൽ ഇടയം അനിവിലാസത്തിൽ അമൃത (21), ആയൂർ അഞ്ജു ഭവനിൽ ആര്യ ജി. അശോക് (21) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ടാണ് ഇരുവരുടെയും വീട്ടുവളപ്പുകളിൽ സംസ്കരിച്ചത്. കോരിച്ചൊരിയുന്ന മഴയത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൈകിട്ട് നാലിനാണ് വീടുകളിലെത്തിച്ചത്.

സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നുപോയ മക്കളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ടു. ആര്യ മരിച്ച വിവരം ഇന്നലെ രാവിലെയാണ് മാതാപിതാക്കളായ അശോകനെയും ഗീതയെയും അറിയിച്ചത്. ഇനി മകളില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ അലമുറയിട്ട ഗീത മൃതദേഹം കണ്ട് ബോധരഹിതയായി. അമൃതയുടെ അച്ഛൻ അനിൽകുമാറും കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ ബിന്ദുകലയും തിങ്കളാഴ്ച മുതൽ തളർന്നിരിപ്പാണ്. അനിൽകുമാർ ഗൾഫിൽ നിന്നെത്തിയതായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഇരുവരുടെയും ദുഃഖം അണപൊട്ടി. വെള്ളിയാഴ്ച രാവിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ തിങ്കളാഴ്ച രാവിലെയാണ് മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ കോളേജിൽ ബിരുദപഠനത്തിനെത്തിയത് മുതലാണ് ഇരുവരും വേർപിരിയാനാകാത്ത വിധം സൗഹൃദത്തിലായത്. ഡിഗ്രി കഴിയുന്നതോടെ പിരിയേണ്ടിവരുമെന്ന വിഷമത്തിലാണ് ഇവർ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.