പുനലൂർ: മകര വിളക്ക് കാലയളവിൽ ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ പുനലൂർ ആർ.ഡി.ഒ ബി.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ പുനലൂരിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ തീരുമാനമായി.
ക്ഷേത്രങ്ങൾക്ക് സമീപം ഒരു മണിക്കൂറിൽ അധികം തങ്ങാൻ അനുവദിക്കില്ല.
പുനലൂരിലെ സ്നാനഘട്ടത്തിൽ ഇറങ്ങി കുളിക്കാൻ അനുവദിക്കില്ല.
ഭക്തരുടെ ഇടത്താവളങ്ങളിലെ വ്യാപാരശാലകളിൽ പൊലിസ്, റവന്യൂ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ സ്പെഷ്യൽ സ്ക്വാർഡുകൾ മിന്നൽ പരിശോധനകൾ നടത്തും.
തീർത്ഥാടന കേന്ദ്രങ്ങളിൽ കൊവിഡ് പരിശോധനയടക്കമുളള സംവിധാനങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിക്കും.
പുനലൂരിലെ സ്നാന ഘട്ടത്തീൽ തീർത്ഥാടകർ ഇറങ്ങാതിരിക്കാൻ കല്ലടയാറിനോട് ചേർന്ന് ബാരിക്കേഡ് നിർമ്മിക്കുകയും ശൗചാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഡി.ടി.പി.സി യെ ചുമതലപ്പെടുത്തി.
കുളത്തൂപ്പുഴയടക്കമുളള ഇടത്താവളങ്ങളിൽ ഭക്തർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിട്ടിയ്ക്ക് ആർ.ഡി.ഒ നിർദ്ദേശം നൽകി.
അയൽ സംസ്ഥാനങ്ങളിൽ നിന്നും ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കുളിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കും.
കൂടാതെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന കൊല്ലം-തിരുമംഗലം ദേശിയപാതയും അഞ്ചൽ-പത്തനാപുരം പാതയും തമ്മിൽ യോജിക്കുന്ന ഭാഗത്ത് വാഹന അപകടം ഉണ്ടാകാനുളള സാദ്ധ്യത ഒഴിവാക്കാൻ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരെ യോഗം ചുമലതപ്പെടുത്തി.
പുനലൂർ ഡിവൈ.എസ്.പി.അനിൽദാസ്, തഹസീൽദാർ കെ.സുരേഷ്, എൽ.ആർ.തഹസീൽദാർ ബിജു രാജ്,ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തതു.