photo
മാതേഷ് സമ്മാനാർഹമായ ടിക്കറ്റുമായി

അഞ്ചൽ: നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് കടയുടമ ഫോണിൽ വിളിച്ചുവരുത്തി നൽകിയ ലോട്ടറി ടിക്കറ്റിന് തമിഴ്നാട് സ്വദേശിക്ക് ഒന്നാം സമ്മാനം. വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ സമ്മാനമാണ് മാതേഷ് എന്ന ഇരുപത്തിയഞ്ചുകാരന് ലഭിച്ചത്. അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അമ്മൂസ് ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

ഇവിടെ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള മാതേഷിന് നറുക്കെടുപ്പിന് മൂന്ന് മണിക്കൂർ മുൻപ് കടയുടമ വിളിച്ചുവരുത്തി ടിക്കറ്റ് നൽകുകയായിരുന്നു. വാങ്ങിയ രണ്ട് ടിക്കറ്റുകളിലൊന്നാണ് സമ്മാനാർഹമായത്. തുണി വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ മാതേഷ് അഞ്ചുവർഷമായി ഭാര്യ ശ്രീകലയുമൊത്ത് ഇടമുളയ്ക്കലിലെ വാടക വീട്ടിലാണ് താമസം. ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ ഏൽപ്പിച്ചു. ഏജൻസി കമ്മിഷനും നികുതിയും കഴിഞ്ഞ് 50 ലക്ഷത്തോളം രൂപ ലഭിക്കും. തമിഴ്നാട്ടിൽ ഭൂമിയോ സ്വത്തോ ഇല്ലാത്തതിനാൽ സമ്മാനത്തുകയ്ക്ക് കേരളത്തിൽ തന്നെ വീടും സ്ഥലവും വാങ്ങി താമസിക്കാനാണ് ആഗ്രഹമെന്ന് മാതേഷ് പറയുന്നു.