കൊല്ലം: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ പിടികൂടാൻ ശ്രമിച്ച സിവിൽ എക്സൈസ് ഓഫീസറെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം പ്രതികൾ കടന്നുകളഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കരുനാഗപ്പള്ളി എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ആന്റണി യൂജിനെ (27) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എക്സൈസിലും പൊലീസിലും നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു, ഷാലു എന്നിവരാണ് കഞ്ചാവുമായി രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതിയകാവ് കൊച്ചാലുംമൂടിന് സമീപത്തുവച്ചാണ് സംഭവം. ഇതുവഴി ബൈക്കിൽ കഞ്ചാവുമായി രണ്ടുപേർ വരുന്നുണ്ടെന്ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പ്രസന്നന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
എക്സൈസ് ഉദ്യോഗസ്ഥനെ
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ബൈക്കിൽ കഞ്ചാവുമായെത്തിയവരെ തിരിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇവരുടെ ബൈക്ക് തടയാൻ ശ്രമിച്ചത്. നിറുത്താതെ പോകാൻ നോക്കിയ ഇവരെ ആന്റണി യൂജിൻ എക്സൈസ് വകുപ്പിന്റെ ടൂവീലർ ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നെന്നാണ് വിവരം. ജീപ്പിൽ പിന്നാലെ പ്രതികളെ പിന്തുടർന്ന് വന്ന ഇൻസ്പെക്ടർ പ്രസന്നനും സംഘവും ആന്റണിയെ ഉടൻ എക്സൈസ് ജീപ്പിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസും അന്വേഷിക്കും
എക്സൈസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കരുനാഗപ്പള്ളി പൊലീസും ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനു, അസി. കമ്മിഷണർ ബി. സുരേഷ് എന്നിവരെത്തിയാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.