പ്രതികൾ മൂവരും സ്ഥിരം കുറ്റവാളികൾ
കൊല്ലം: മയക്കുമരുന്ന് കടത്തുന്നതിനായി സ്‌കൂട്ടർ യാത്രികരെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി സ്‌കൂട്ടർ കവരുന്ന സംഘത്തെ ഇരവിപുരം പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. വടക്കേവിള പാട്ടത്തിൽകാവ് നഗർ 130 സി.ആർ. ലാൽ വീട്ടിൽ റൊണാൾഡ് എന്നുവിളിക്കുന്ന മനു (28), വടക്കേവിള പാട്ടത്തിൽ കിഴക്കതിൽ ആദിത്യനഗർ 259 വയലിൽ പുത്തൻവീട്ടിൽ വിഷ്‌ണു (23), പട്ടത്താനം കോവിലിന് സമീപം സുബിൻ ഭവനിൽ സുധി (20) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി എട്ടിന് ഇരവിപുരം പാട്ടത്തിൽ കാവിനടുത്ത് തമ്പുരാൻ മുക്കിലൂടെ സ്കൂട്ടറിൽ വരികയായിരുന്ന വടക്കേവിള അനിൽ നിവാസിൽ അനീഷിനെ (25) തടഞ്ഞുനിറുത്തി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്കൂട്ടറുമായി കടന്ന കേസിലാണ് അറസ്റ്റ്. വിവരമറിഞ്ഞ പൊലീസ് എല്ലാ വഴികളും അടച്ച് പരിശോധന തുടങ്ങി. ഇതോടെ പ്രതികൾക്ക് പ്രദേശം വിട്ട് പുറത്ത് പോകാൻ കഴിയാതെ വന്നു. പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ സഞ്ചാരി മുക്കിനടുത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച് മൂവരും ഓട്ടോയിൽ കയറി. ഇവരെ പിന്തുടർന്നെത്തിയ പൊലീസ് സംഘം പാട്ടത്തിൽ കാവിൽ വച്ച് തടഞ്ഞു. ഈ സമയം കൈയിലുണ്ടായിരുന്ന ആയുധങ്ങൾ കാട്ടി പൊലീസിനെ വിരട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ മൂവരെയും കീഴ്പ്പെടുത്തുകയായിരുന്നു. കവർന്നെടുത്ത സ്കൂട്ടറും പൊലീസ് സംഘം കണ്ടെടുത്തു.
പീഡനകേസിൽ കാസർകോട് ബേക്കൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് വിഷ്ണു. അടിവസ്ത്രത്തിനുള്ളിൽ എപ്പോഴും ആയുധം കൊണ്ടു നടക്കുന്ന ആളാണ് മനു റൊണാൾഡ്. മനുവിന്റെ പേരിൽ വധശ്രമം, പിടിച്ചുപറി, കഞ്ചാവ്, പോക്സോ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. ഇരവിപുരം ഇൻസ്പെക്ടർ കെ. വിനോദിന്റ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.