munroe
മൺറോത്തുരുത്തിൽ വേലിയേറ്റം മൂലം വീടിന് ചുറ്റും വെള്ളം കയറിയ നിലയിൽ

 പകുതിയോളം പ്രദേശത്ത് മുട്ടറ്റം വെള്ളം

കൊല്ലം: മൂന്ന് ദിവസമായി തുടരുന്ന ശക്തമായ വേലിയേറ്റത്തിൽ മൺറോത്തുരുത്തിലെ പകുതിയോളം പ്രദേശങ്ങൾ അതിരൂക്ഷമായ വെള്ളപ്പൊക്ക ദുരിതത്തിൽ. നൂറുകണക്കിന് വീടുകൾക്കുള്ളിൽ മുട്ടറ്റം പൊക്കത്തിൽ വെള്ളമാണ്. നിരവധി വീടുകളിൽ പുറത്തിറങ്ങാനാകാത്ത വിധം മുറ്റം നിറയെ വെള്ളക്കെട്ടാണ്.

കണ്ട്രാം കാണി, കിടപ്രം തെക്ക്, നെന്മേനി, നെന്മേനി തെക്ക് പ്രദേശങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി പൂർണമായും സന്ധ്യ മുതൽ തൊട്ടടുത്ത ദിവസം ഉച്ചവരെ വെള്ളപ്പൊക്കത്തിൽ മുങ്ങുകയാണ്. പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്, പെരുങ്ങാലം, കിടപ്രം വടക്ക് വാർഡുകളിൽ വീടുകൾക്കുള്ളിലേക്ക് വെള്ളം കയറിയില്ലെങ്കിലും മുറ്റം നിറയെ വെള്ളമാണ്.

കല്ലടയാറ്റിലെ കണ്ണങ്കാട്ടെയും അഷ്ടമുടിക്കായലിൽ പേഴുംതുരുത്തിലെയും ജങ്കാർ കടവുകളും വെള്ളത്തിൽ മുങ്ങി. അതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് വാഹനങ്ങൾ ജങ്കാറിൽ കയറ്റാനാവുന്നില്ല. ഇവിടത്തെ വലിയൊരു വിഭാഗത്തിന്റെ ജോലിക്ക് ഉൾപ്പടെയുള്ള യാത്രകളും മുടങ്ങി. കണ്ണങ്കാട്ട് ജങ്കാർ കടവിന് സമീപം പി.എച്ച് സെന്റർ പ്രവർത്തിക്കുന്ന വടക കെട്ടിടത്തിലും വെള്ളം കയറി പ്രവർത്തനം നിലച്ചു.

 വെള്ളം കയറും, പിന്നെ ഇറങ്ങും

എല്ലാ വർഷവും തുലാം, വൃശ്ചികം മാസങ്ങളിൽ മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമാകാറുണ്ട്. എന്നാൽ ഇത്തവണ പതിവിനേക്കാൾ രൂക്ഷമാണ്. സന്ധ്യയോടെ അഷ്ടമുടിക്കായലിൽ നിന്ന് വെള്ളം കയറിത്തുടങ്ങും. മണിക്കൂറുകൾ പിന്നിടുന്നതോടെ വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറും.

രാവിലെ മുതൽ ചെറിയതോതിൽ ഇറങ്ങിത്തുടങ്ങി ഉച്ചയാകുമ്പോൾ പൂർണമായും വെള്ളം താഴും. വെള്ളമിറങ്ങുമ്പോൾ പ്രദേശവാസികൾ വീടുകൾ കഴുകി വൃത്തിയാക്കുമെങ്കിലും വൈകിട്ടാകുമ്പോൾ വീണ്ടും പഴയപടി വെള്ളം കയറാൻ തുടങ്ങും. ഇനി വേലിയേറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഇവർ വീടുകൾ വൃത്തിയാക്കുന്നത്. പക്ഷെ തുടർച്ചയായ വേലിയേറ്റം ഇവരുടെ ഉറക്കം കെടുത്തുകയാണ്.