bee

കൊല്ലം: കുണ്ടറ ഫയർ സ്റ്റേഷന് സമീപം അലിൻഡ് മെയിൻ ഗേറ്റിന് മുന്നിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് അവശരായ അലിൻഡിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന വിജയകുമാരി, ഫയർ സ്റ്റേഷന് സമീപം ഷൈല നിവാസിൽ ഷൈല പ്രവീൺ, അലിൻഡിന് സമീപം പ്ലാവിള വീട്ടിൽ ഗൗതം എന്നിവരെ ഫയർഫോഴ്സെത്തി പ്രഥമശുശ്രൂഷ നൽകി കാഞ്ഞിരകോട് ഗവ. ആശുപത്രിയിലെത്തിച്ചു.

അലിൻഡിന് മുന്നിലെ ഫ്രൂട്ട്സ് കടയിൽ ബൈക്കിലെത്തിയ യുവാവിനാണ് ആദ്യം കുത്തേറ്റത്. ഇയാൾ സമീപത്തുണ്ടായിരുന്നവരോട് വിവരം പറയുന്നതിനിടെ തേനീച്ചകൾ കൂട്ടത്തോടെ വഴിയാത്രക്കാരെയും സമീപത്തുണ്ടായിരുന്നവരെയും അക്രമിക്കുകയായിരുന്നു. പരിസരത്തെ മരത്തിലോ കെട്ടിടങ്ങളിലോ തേനീച്ചക്കൂട് ഉണ്ടായിരുന്നതായി ആർക്കും അറിയില്ലായിരുന്നുവെന്ന് ഫയ‌ർഫോഴ്സ് പറഞ്ഞു.

കുത്തേറ്റ ബൈക്ക് യാത്രക്കാരൻ അറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. ശക്തമായി വെള്ളം ചീറ്റി തേനീച്ചകളെ തുരത്തിയശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയരാജ്‌, പ്രദീപ്, അൻവർ, മനേഷ്,ഷിനു, എബിൻ, പ്രമോദ് എന്നിവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.