ശാസ്താംകോട്ട: വിപ്ലവത്തിന് പേരുകേട്ട ശൂരനാട് കുന്നത്തൂരിന്റെ കാർഷിക മേഖലയുടെ നട്ടെല്ലാണ്. ശൂരനാടിന്റെ കാർഷിക സംസ്കാരത്തെ നെഞ്ചോടണച്ച് പ്രതിസന്ധികളുടെ നടുവിലും കൃഷിയിറക്കാനാണ് കർഷകരുടെ ശ്രമം. രണ്ടു പ്രളയവും കൊവിഡുമൊക്കെ ഭീഷണിയായി കർഷകർക്ക് മുന്നിലുണ്ടെങ്കിലും നെഞ്ചുറപ്പോടെ പാടത്തേക്കിറങ്ങാൻ ഒരുങ്ങുകയാണ് ശൂരനാട്ടെ കർഷകർ. പള്ളിക്കലാറാണ് ശൂരനാട്ടെ കാർഷിക സമ്പത്തിനെ നിലനിറുത്തുന്നത്. ഇതിനായി വിവിധ ഭാഗങ്ങളിൽ പമ്പ് ഹൗസും തടയണയും നിർമ്മിച്ചു. ഇവിടെ നിന്ന് ജലസേചന വകുപ്പിന്റെ ചാലുകൾ വഴിയാണ് ഏലാകളിൽ വെള്ളം ഉറപ്പാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂടുതൽ സഹായങ്ങൾ കൂടി ലഭ്യമാകുമെന്നായതോടെ നിരവധി വ്യക്തികളും ചെറു സംഘങ്ങളും കൃഷിയിൽ സജീവമായതാണ് ശൂരനാട്ടെ കാർഷിക മേഖലയ്ക്ക് കരുത്താകുന്നത്.
160 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി സജീവം
ശൂരനാട് വടക്ക് ആനയടി, മണ്ണുംപുറം, കൊച്ചു പുഞ്ച, താഴെ മുണ്ടകൻ, വിരിപ്പോലി, നെടിയപാടം, കൂരിക്കുഴി, ഓണമ്പിള്ളി, കിഴകിട എന്നീ ഒൻപത് ഏലകളിലായി 160 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി സജീവമാണ്. ഇതിനുപുറമേ കരനെൽ കൃഷിയും ഇടവിള കൃഷിയും നടക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം 150 ഹെക്ടർ സ്ഥലത്തായിരുന്നു നെൽക്കൃഷി നടത്തിയത്.
പ്രതിസന്ധികൾ
ചാലുകൾ തകർന്നതോടെ പല മേഖലയിലും ആവശ്യത്തിന് വെള്ളം എത്താതെയായി. ഇത്തവണ രണ്ടാംവിള കൃഷി തുടങ്ങിയപ്പോൾ ഏലാകളിൽ ആവശ്യത്തിന് വെള്ളം കിട്ടാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു. നിലമൊരുക്കാൻ ഇരട്ടിത്തുക വാടക നൽകി ട്രാക്ടറുകൾ എത്തിച്ചതും കർഷകർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി.