കൊല്ലം: എം.സി റോഡിൽ പാഴ്സൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇരുകാലുകളും ഒടിഞ്ഞ് ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് പുറത്തെടുത്തു . സാരമായി പരിക്കേറ്റ ഡ്രൈവർ അശോകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിയോടെ ചടയമംഗലം കുരിയോടാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര വാളകത്തേക്ക് ടിഷ്യൂപേപ്പറുമായി വന്ന പാഴ്സൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മഴസമയത്ത് ബ്രേക്ക് ചെയ്തതിനിടെ നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്റെ ഗേറ്റിലിടിച്ചശേഷം മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിന് കുറുകെ ഒരുവശം ചരിഞ്ഞ് മറിഞ്ഞ ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാരും ചടയമംഗലം പൊലീസും ഡ്രൈവറെ പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. കടയ്ക്കലിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ജെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടറുപയോഗിച്ച് ക്യാബിൻ മുറിച്ച് മാറ്റിയശേഷം കാലുകളൊടിഞ്ഞ് സ്റ്റിയറിംഗിനും സീറ്റിനുമിടയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി. തുടർന്ന് പൊലീസ് ക്രെയിനിന്റെ സഹായത്തോടെ ലോറി ഒരുവശത്തേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.