mangodress

വസ്ത്രനിർമ്മാണ രംഗത്ത് വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ഫാഷൻ ഡിസൈനർമാർ നിരവധിയാണ്. എങ്കിലും ഇങ്ങനെയൊരു ഫാഷൻ ആദ്യമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഫാഷൻ ലോകത്തിന് തന്നെ വിസ്മയമാകുകയാണ് ഈ മാങ്ങാ ഉടുപ്പ്. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സ്വദേശിനിയായ ജസീക്ക കോളിൻസ് എന്ന പതിനേഴ് വയസുകാരിയാണ് ഫാഷൻ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച മാങ്ങാ ഗൗണിന് പിന്നിൽ.

തുണിയ്ക്ക് പകരമായി മാങ്ങയുടെ അണ്ടി ഉപയോഗിച്ചാണ് ജസീക്ക ഗൗൺ തുന്നിയിരിക്കുന്നത്. 700 മാങ്ങ അണ്ടികൾ ഉപയോഗിച്ചാണ് മനോഹരമായ ഈ ഗൗൺ ജസീക്ക തുന്നിയിരിക്കുന്നത്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത് വിളയുന്ന കലിപ്സോ മാങ്ങ ഉപയോഗിച്ചാണ് ജസീക്ക ഗൗൺ തുന്നിയിരിക്കുന്നത്.

വിദ്യാർത്ഥിനിയായ ജസീക്ക തന്റെ പഠനത്തിന്റെ ഭാഗമായുള്ള ഡിസൈൻ ആൻഡ് ടെക്‌നോളജി പ്രൊജക്ടിന്റെ ഭാഗമായാണ് ഈ വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ലോങ്ങ് ഗൗൺ ധരിച്ച് നിൽക്കുന്ന ജസീക്കയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മാങ്ങയുടെ പുറംതോടുകൾ ഉപയോഗിച്ച് വസ്ത്രം ഒരുക്കിയതിനാൽ വസ്ത്രത്തിന് അധികം കട്ടിയും ഇല്ല. കലിപ്സോ വിഭാഗത്തിൽപ്പെട്ട മാങ്ങയുടെ പുറംതോടുകൾക്ക് പൊതുവെ കട്ടിയും കുറവാണ്. ഇവയുടെ സ്വാഭാവിക നിറം നിലനിറുത്തിയാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മാംഗോ ഫാമിൽ ജോലി ചെയ്തിട്ടുള്ള ജസീക്കയ്ക്ക് മാങ്ങയണ്ടികൾ പാഴാക്കി കളയുന്നത് കണ്ടതോടെയാണ് ഇങ്ങനെയൊരു ആശയം തോന്നിയത്..