മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ രാക്ഷസ ചെന്നായ്ക്കളെ സ്ഥാപിച്ചിരിക്കുകയാണ് ജപ്പാനിൽ. യന്ത്രച്ചെന്നായ്ക്കളാണ് ഇവ. ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോയിലെ പട്ടണത്തിലാണ് ഇത്തരത്തിൽ യന്ത്രച്ചെന്നായ്ക്കളെ സ്ഥാപിച്ചിരക്കുന്നത്.
കന്നുകാലികളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുവാനായി 2016ലാണ് ഹോക്കൈഡോയിൽ ആദ്യമായി ചെന്നായ്ക്കളുടെ രൂപത്തിലുള്ള റോബോട്ടുകളെ സ്ഥാപിച്ചത്. എന്നാൽ, സമീപകാലത്ത് വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരെയും രക്ഷിക്കാൻ ഇത്തരത്തിലുള്ള ചെന്നായ്ക്കളെ സ്ഥാപിച്ചു. കരടികൾ അതിക്രമിച്ചെത്തി മനുഷ്യരെയും ഉപദ്രവിക്കാറുണ്ടിവിടെ.
ഹോക്കൈഡോ ആസ്ഥാനമായുള്ള ഓഹ്‌ത സെയ്കി, ഹോക്കൈഡോ യൂണിവേഴ്സിറ്റി, ടോക്കിയോ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങ്യുളുടെ സംയുക്ത പദ്ധതിയാണ് ഈ രാക്ഷസ ചെന്നായ്ക്കൾ. ജപ്പാനിൽ പലയിടത്തായി 62ഓളം രാക്ഷസ ചെന്നായ്ക്കളെ സ്ഥാപിച്ചിട്ടുണ്ട്.
സോളാർ പവറിലാണ് ചെന്നായ്ക്കളുടെ പ്രവർത്തനം. സാധാരണ ചെന്നായ്ക്കളുടേതിന് സമാനമായ രോമങ്ങളും യന്ത്രച്ചെന്നായ്ക്കളുടെ പുറംചട്ടയിൽ ഉണ്ട്. കണ്ണുകൾ ചുവപ്പ് നിറത്തിൽ മിന്നുമെന്ന് മാത്രമല്ല ഭീകരശബ്ദത്തിൽ അമറുകയും ചെയ്യും. വിവിധ മൃഗങ്ങളുടെ ശബ്ദത്തിലാണ് രാക്ഷസ ചെന്നായ്ക്കളുടെ അമർച്ച. ഈ യന്ത്രച്ചെന്നായ്ക്കളെ നിർമ്മിച്ചിരിക്കുന്ന കമ്പനിയുടെ പ്രസിഡണ്ട് യുജി ഓഹ്‍ത പറയുന്നത്. 'ഇത് കരടികളുടെ ജീവനും ഭീഷണിയല്ല, ആളുകൾക്കും ഭീഷണിയല്ല. അതുകൊണ്ട് ഇരുകൂട്ടർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നു" എന്നാണ്.