pic

തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ സ്ത്രീകളെ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കൈക്കലാക്കിയ അഞ്ചംഗസംഘത്തിലെ രണ്ടുപേ‌ർ പിടിയിൽ. വള്ളക്കടവ് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മനോജ്, കൂട്ടാളിയും തിരുമല സ്വദേശിയുമായ ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പാറ്റൂർ ജംഗ്ഷനിൽ വീട്ടിൽ ഊണെന്ന സ്ഥാപനം നടത്തുന്ന ശശികലയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ബന്ദിയാക്കി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം കടയോട് ചേർന്നുള്ള വീട്ടിലേക്ക് ഇരച്ചുകയറിയശേഷം ശശികലയെയും സ്ഥാപനത്തിലെ ജോലിക്കാരികളെയും ബന്ദിയാക്കി കവർച്ച നടത്തുകയുമായിരുന്നു. ശശികലയുടെ പക്കലുണ്ടായിരുന്ന രണ്ട് പവൻ മാല ഊരിവാങ്ങിയ സംഘം കടയിലെ ഇന്നലത്തെ കളക്ഷൻ തുകയായ 6000 രൂപയും വീടിന്റെയും സ്ഥാപനത്തിന്റെയും വാടകചീട്ടുൾപ്പെടെയുള്ള രേഖകളും ഇരുചക്രവാഹനങ്ങളുടെ താക്കോൽ, രേഖകൾ, ആധാർ ഉൾപ്പെടെയുള്ള മറ്റ് സാധനങ്ങൾ എന്നിവയെല്ലാം അപഹരിച്ചു.

പേടിച്ചരണ്ട സ്ത്രീകൾ കരയാനും നിലവിളിക്കാനും ശ്രമിച്ചെങ്കിലും സംഘാംഗങ്ങൾ കത്തി കാട്ടി വിരട്ടി. അതിനിടെ കടയിലെത്തിയ ഒരാൾ സംഭവം പരിസരത്തുളളവരെയും വഴിയാത്രക്കാരെയും അറിയിച്ചതിനെ തുട‌ർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘത്തിലെ മൂന്നുപേർ കാറിൽ കയറി കടന്നു. രണ്ടുപേരെ നാട്ടുകാർ വളഞ്ഞ് പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് മറ്ര് പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അവർക്കായി തിരച്ചിൽ തുടർന്ന് വരികയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.