കൊല്ലം: നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ജയസാദ്ധ്യതയുള്ളവരെ വെട്ടിനിരത്തിയെന്ന് ആക്ഷേപം. തിരുവനന്തപുരം മോഡലിൽ ഈഴവരുൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളെയാണ് ബോധപൂർവം അവഗണിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ തമ്മിലെ വടംവലിയെക്കാൾ ഗ്രൂപ്പിനുള്ളിലെ പോരിലാണ് പലരും അരിഞ്ഞുവീഴ്ത്തപ്പെട്ടത്. ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ മുൻകൗൺസിലർ ശാന്തിനി ശുഭദേവന്റെ പേര് ആദ്യംമുതൽ ഉയർന്നുകേട്ടിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇതേ ഡിവിഷനിൽ പാർട്ടിക്കുള്ളിലെ കാലുവാരലുകളെയെല്ലാം അതിജീവിച്ചാണ് ശാന്തിനി ജയിച്ചുകയറിയതും. ഇത്തവണ ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കരുതെന്ന കെ.പി.സി.സി നിർദ്ദേശം ആയുധമാക്കിയാണ് ശാന്തിനിക്ക് സീറ്റ് നിഷേധിച്ചത്. എന്നാൽ ഈ നിർദ്ദേശം ലംഘിച്ച് പലർക്കും ജില്ലയിൽ സീറ്റ് നൽകിയിട്ടുമുണ്ട്. ജയസാദ്ധ്യതയുണ്ടെങ്കിൽ മാത്രം ജനറൽ സീറ്റിൽ വനിതകളെ പരിഗണിക്കാമെന്ന് കെ.പി.സി.സി നേതൃത്വം അവസാന നിമിഷം വാക്കാൽ നിർദ്ദേശം നൽകിയിട്ടും ശാന്തിനിയെ മാറ്റിനിറുത്താനുള്ള തീരുമാനത്തിൽ ചിലർ ഉറച്ചുനിന്നു. ഉദയമാർത്താണ്ഡപുരത്തിന് പകരം കടപ്പാക്കട ഡിവിഷനിൽ പരിഗണിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇതും പരിഗണിച്ചില്ല. പാലത്തറ മുൻ കൗൺസിലർ എസ്.ആർ. ബിന്ദുവും സമാനമായ തരത്തിൽ അവഗണിക്കപ്പെട്ടു.
ഐ ഗ്രൂപ്പിന് മേയർ സ്ഥാനാർത്ഥിയില്ല
നഗരസഭയിൽ 37 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 23 സീറ്റിൽ ഐ ഗ്രൂപ്പും 14 ഇടത്ത് എ ഗ്രൂപ്പുമാണ്. മുളങ്കാടകത്ത് മത്സരിക്കുന്ന ഡോ. കരുമാലിൽ ഉദയ സുകുമാരനാണ് എ ഗ്രൂപ്പിന്റെ മേയർ സ്ഥാനാർത്ഥി. എന്നാൽ അതിനേക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കുന്ന എ ഗ്രൂപ്പിന് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ശ്രദ്ധേയരായ വനിതാ നേതാക്കൾ മത്സര രംഗത്തില്ല. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളിൽ ചിലർ വനിതകളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സീറ്റ് ഉറപ്പിച്ച് നിറുത്താനാണെന്ന് സംസാരമുണ്ട്. ശാന്തിനി ഉദയമാർത്താണ്ഡപുരത്ത് മത്സരിച്ച് ജയിക്കുകയും യു.ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്താൽ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടേയ്ക്കാം. എസ്.എൻ.ഡി.പി യോഗത്തിന്റെയും വനിതാസംഘത്തിന്റെയും പ്രവർത്തകയെന്ന നിലയിൽ ആഴത്തിൽ ബന്ധങ്ങളുള്ളതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ശാന്തിനിയുടെ പേര് ഉയരാനും സാദ്ധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ടാണ് വെട്ടിനിരത്തലെന്ന് ആക്ഷേപമുണ്ട്.
മഹിളാ കോൺഗ്രസിന്റെ ആവശ്യവും പരിഗണിച്ചില്ല
ശാന്തിനി ശുഭദേവൻ, കിളികൊല്ലൂർ മുൻ കൗൺസിലർ ലൈലാകുമാരി എന്നിവരെ മത്സരിപ്പിക്കണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കപ്പെട്ടില്ല. ഉദയമാർത്താമണ്ഡപുരവും സമീപ ഡിവിഷനുകളും ഈഴവരുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ താമസിക്കുന്ന മേഖലയാണ്. ഇദയമാർത്തമാണ്ഡപുരത്തെ വെട്ടിനിരത്തൽ സമീപ ഡിവിഷനുകളിലെ കോൺഗ്രസിന്റെ വിജയത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.