cash

 പ്രചാരണം വൈറലാക്കാൻ സ്ഥാനാർത്ഥികൾ

കൊല്ലം: കൊവിഡിൽ ഉപജീവനം മുടങ്ങിയ കലാകാരന്മാർക്ക് അനുഗ്രഹമായിരിക്കുകയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. സ്റ്റുഡിയോകളും പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായി കഴിഞ്ഞു. വോട്ട് ചോദിക്കാൻ വീട് വീടാന്തരം കയറിയിറങ്ങുന്നതിനൊപ്പം പ്രചാരണത്തിൽ വൈറലാകാനുള്ള നീക്കങ്ങളിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.

ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് തലം വരെയുള്ളവർക്കെല്ലാം ഇക്കാര്യത്തിൽ ഒറ്റമനസാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയും വരെ കലാകാരന്മാർ തൊഴിൽതേടി അലയേണ്ടിവരില്ല. പ്രാദേശിക വിഷയങ്ങൾ അടിസ്ഥാനമാക്കി സ്ഥാനാർത്ഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം കണക്കിലെടുത്താണ് പ്രചാരണ ഗാനങ്ങൾ തയ്യാറാക്കുന്നത്. ഓൺലൈൻ പ്രചാരണത്തിനുള്ള പാരഡി ഗാനങ്ങൾ, ആനിമേഷൻ വീഡിയോകൾ, വീഡിയോബൈറ്റ്സ്, സിറ്റിംഗ് അംഗങ്ങൾ വീണ്ടും മത്സരരംഗത്തുണ്ടെങ്കിൽ അവരുടെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി, അനൗൺസ്‌മെന്റ്, ഫോട്ടോ കാർഡ് എന്നിവയാണ് പ്രചാരണ തന്ത്രങ്ങളിലുള്ളത്.

ചുരുങ്ങിയ സെക്കൻഡുകൾ മാത്രമുള്ള ക്യാപ്സ്യൂൾ വീഡിയോകൾ മുതൽ പത്ത് മിനിട്ട് ദൈർഘ്യമുള്ള പ്രൊഫൈൽ വീഡിയോകൾ വരെ ആവശ്യപ്പെടുന്നവരുണ്ട്. സ്റ്റാറ്റസ് വീഡിയോകൾക്കാണ് ആവശ്യക്കാ‌ർ കൂടുതൽ. അൻപത് സെക്കൻഡ് മുതൽ ഒരുമിനിട്ട് വരെ ഇതിന് ദൈർഘ്യംവരും. നാടൻപാട്ട്, മാപ്പിളപ്പാട്ട്, സിനിമാപാട്ട് രൂപങ്ങളിലാണ് പാരഡി ഗാനങ്ങൾ ഒരുക്കുന്നത്.

 വാട്ട്സ് ആപ്പും ഫേസ് ബുക്കും

നിറഞ്ഞ് സ്ഥാനാർത്ഥികൾ

നാടാകെ ഓടിനടന്ന് ക്ഷീണിക്കാതെ വോട്ട് പിടിക്കാമെന്നതാണ് ഓൺലൈൻ പ്രചാരണത്തിന്റെ നേട്ടം. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുകയുമാകാം. ഫേസ് ബുക്കും വാട്ട്സ് ആപ്പുമെല്ലാം സ്ഥാനാർത്ഥികളെകൊണ്ട് നിറഞ്ഞുകഴിഞ്ഞു. വിദേശത്തുള്ളവർക്കും അഭിപ്രായപ്രകടനത്തിനും പ്രചാരണത്തിനും അവസരമുണ്ട്.

 നിരക്കുകൾ

വീഡിയോപാരഡി: 4,000 രൂപ

പാരഡിപാട്ട്: 2,000രൂപ

അനൗൺസ്‌മെന്റ്: 2,000 (1 മണിക്കൂർ ദൈർഘ്യം)

ഡോക്യുമെന്ററി: 3,000രൂപ

ഫോട്ടോ കാർഡ്: 1,000രൂപ

ആനിമേഷൻ വീഡിയോ: 500 രൂപ (50 സെക്കൻഡ്)

''

തിരഞ്ഞെടുപ്പ് കാലം സ്റ്റേജ് കലാകാരന്മാരുടെയും ശബ്ദകലാകാരന്മാരുടെയും റിക്കാർഡിംഗ് സ്റ്റുഡിയോകളുടെയും അതിജീവന കാലമാണ്. പല സ്റ്റുഡിയോകളിലും മുൻകൂട്ടി ബുക്ക് ചെയ്താണ് റെക്കാ‌ർഡിംഗ് നടത്തുന്നത്. കലാകാരന്മാർക്കും തിരക്കേറി.

ഗിരീഷ് കുമാർ

റിക്കാർഡിംഗ് സ്റ്റുഡിയോ ഉടമ