കൊല്ലം: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ പിടികൂടാൻ ശ്രമിച്ച സിവിൽ എക്സൈസ് ഓഫീസറെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ പ്രതികൾക്കായി പൊലീസും എക്സൈസും തെരച്ചിൽ ശക്തമാക്കി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുനാഗപ്പള്ളി എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ആന്റണി യൂജിൻ (27) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികളെ കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പ്രസന്നന്റെ മൊഴിപ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതിനും ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ ബൈക്ക് ഇടിച്ച് നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. എക്സൈസിലും പൊലീസിലും നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു, ഷാലു എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് എക്സൈസ് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി പൊലീസും എക്സൈസും തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതിയകാവ് കൊച്ചാലുംമൂടിന് സമീപത്തുവച്ചാണ് സംഭവം. ഇതുവഴി കഞ്ചാവുമായി ബൈക്കിൽ രണ്ടുപേർ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൈക്കിൽ കഞ്ചാവുമായെത്തിയ വരെ തിരിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇവരുടെ ബൈക്ക് തടയാൻ ശ്രമിച്ചത്. നിറുത്താതെ പോകാൻ നോക്കിയ ഇവരെ ആന്റണി യൂജിൻ എക്സൈസ് വകുപ്പിന്റെ ടൂവീലർ ഉപയോഗിച്ച് തടയുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നെന്നാണ് വിവരം. ജീപ്പിൽ പിന്നാലെ പ്രതികളെ പിന്തുടർന്ന് വന്ന ഇൻസ്പെക്ടർ പ്രസന്നനും സംഘവും ആന്റണിയെ ഉടൻ എക്സൈസ് ജീപ്പിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.