കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധന 20നാണ്. 23 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. വിവിധ മുന്നണികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കണമെങ്കിൽ വിമതശല്യം ഒഴിവാക്കിയേതീരൂ. ഇനിയുള്ള പ്രധാന ജോലി അത്തരക്കാരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുക എന്നതാണ്. വിവിധ വാർഡുകളിൽ യു.ഡി.എഫിലും എൽ.ഡി.എഫിലുമാണ് എൻ.ഡി.എയെ അപേക്ഷിച്ച് വിമത ശല്യം കൂടുതലുള്ളത്. സി.പി.എമ്മിലെ വിമതശല്യം പരിഹരിക്കാൻ മന്ത്രിമാരുടെയും മറ്റ് സംസ്ഥാന നേതാക്കളുടെയും ഇടപെടൽ ആവശ്യമാണെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. മത്സരിക്കാൻ സീറ്റുകിട്ടാത്ത കോൺഗ്രസുകാർ പലരെയും റിബലായി നിറുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇവരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ കോൺഗ്രസിന്റെ സംസ്ഥാനതല നേതാക്കൾ ഉൾപ്പടെയുള്ളവർ ഇടപെടുന്നുണ്ട്. പത്രിക പിൻവലിക്കാതെ മത്സരവുമായി മുന്നോട്ട് പോകുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയിലും എൽ.ഡി.എഫിലും വിമത പ്രശ്‌നങ്ങൾ പകുതിയും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്.