eee

 എൺപത് ശതമാനവും ചെറുപ്പക്കാർ

കൊല്ലം: മൂന്ന് മുന്നണികളും പ്രചാരണവുമായി കളം നിറഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ഉഷാറായി. പത്രികാ സമർപ്പണം ഇന്ന് അവസാനിക്കുമ്പോൾ സ്ഥാനാർത്ഥികളിൽ 80 ശതമാനവും ചെറുപ്പക്കാരാണ്.
ജില്ലാ പഞ്ചായത്തിലേയ്ക്ക് യു.ഡി.എഫ് 20 പുതുമുഖങ്ങളെയാണ് ഇറക്കുന്നത്. 45 വയസിൽ താഴെയുള്ളവരാണ് ഏറെയും. പകുതി വനിതാ സ്ഥാനാർത്ഥികളിൽ പത്തുപേരും പുതുമുഖങ്ങളാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയവും സമാനരീതിയിലാണ്. സി.പി.എമ്മിന്റെ 14 ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ 11 ഉം സി.പി.ഐയിലെ ഒൻപതിൽ എട്ടും പുതുമുഖങ്ങളാണ്. മുന്നണിയിലെ മറ്റ് ഘടകകക്ഷികളും ഇതേ പാതയാണ് പിന്തുടർന്നത്.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ സ്ഥിതിയും ശ്രദ്ധേയമാണ്. 25 ഇടത്ത് ബി.ജെ.പിയും ഒരിടത്ത് ബി.ഡി.ജെ.എസുമാണ് മത്സരിക്കുക. ബി.ജെ.പി സ്ഥാനാർത്ഥികളിൽ 18 പേർ പുതുമുഖങ്ങളാണ്. ബ്ലോക്കിലും മറ്റും മത്സരിച്ചവരെ ജില്ലയിലേയ്ക്ക് പരിഗണിച്ചിട്ടുണ്ടെന്ന് മാത്രം.
യു.ഡി.എഫ് 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 89 പുതുമുഖങ്ങളെ ഇറക്കിയപ്പോൾ ഇടതുമുന്നണി 78 പേരുമായി പിന്നിലുണ്ട്. എൻ.ഡി.എയിൽ 84 പുതുമുഖങ്ങളാണുള്ളത്. കൊല്ലം കോർപ്പറേഷനിൽ 55 ഡിവിഷനുകളിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥികളിൽ 41 പേർ പുതുമുഖങ്ങളാണ്. യു.ഡി.എഫ് 48 നവായാണ് രംഗത്തിറക്കുന്നത്. എൻ.ഡി.എയിൽ 49 പേരാണ് കന്നിയങ്കത്തിനിറങ്ങുന്നവർ.

 പഞ്ചായത്തുകളിലെ ചിത്രം വ്യക്തമല്ല

പത്രിക പിൻവലിക്കുന്ന ദിവസം കഴിഞ്ഞാലേ പഞ്ചായത്തുകളിലെ ചിത്രം വ്യക്തമാവൂ. മിക്ക വാർഡുകളിലും റിബൽ പ്രശ്‌നമുണ്ട്. പിൻമാറുന്നവരെ പരിഗണിച്ചാലേ പുതുമുഖങ്ങളാണോയെന്ന് തീർപ്പാക്കാനാവൂ. എങ്കിലും പഞ്ചായത്ത്, നഗരസഭാ വാർഡുകളിലെല്ലാം 65 ശതമാനത്തിലേറെയും പുതുമുഖങ്ങളാണ്. 70 ശതമാനവും നവാഗതരാണെന്ന് ഇടതും 85 ശതമാനവും പുതിയ സ്ഥാനാർത്ഥികളാണെന്ന് ബി.ജെ.പിയും വ്യക്തമാക്കി.