കൊട്ടിയം: ക്വാറന്റൈൻ ലംഘനം ചോദ്യം ചെയ്തതിന്റെ പേരിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. തെക്കേവിള റീനാ ഹൗസിൽ ജെറാൾഡാണ് (46) അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് സഫറിൻ, സുജു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിന് രാത്രി പത്തു മണിയോടെ നേരത്തേ പിടിയിലായ സഫറിന്റെ വീടിന് സമീപത്തായിരുന്നു സംഭവം. കന്യാകുമാരിയിൽ നിന്നെത്തിയ ഒരാൾ ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരവിപുരം ജെ.എച്ച്.ഐ സുനിൽകുമാറിനെയും സംഘത്തെയും മൂന്നുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ 332-ാം വകുപ്പനുസരിച്ച് കേസെടുക്കുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, അഭിജിത്ത്, എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ രാജേഷ് കുമാർ, സി.പി.ഒ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.