covid

കൊല്ലം: മാസ്കും സാനിറ്റൈസറുമായി നാട് കൊറോണക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ കൊല്ലത്ത് 'കൊറോണ' വോട്ട് തേടി വീടുകളിലെത്തുന്നു. കൊല്ലം കോർപ്പറേഷനിലെ മതിലിൽ ഡിവിഷനിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഇരുപത്തിനാലുകാരിയായ കൊറോണ തോമസ്.

പ്രകാശ വലയം എന്ന അർത്ഥം കണ്ടാണ് ഇരുപത്തിനാല് വർഷം മുൻപ് മതിലിൽ കാട്ടുവിളയിൽ തോമസ് മാത്യു- ഷീല ദമ്പതികൾ മകൾക്ക് കൊറോണ എന്ന പേരിട്ടത്. ലോകം മുഴുവൻ കൊവിഡ് വ്യാപിച്ചതോടെ പേരിലെ കൗതുകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗർഭിണിയായ കൊറോണയ്ക്ക് ഇതിനിടെ കൊവിഡും ബാധിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 15ന് കൊറോണ തോമസ് രണ്ടാമത്തെ കുഞ്ഞിന് (അർപ്പിത)​ ജന്മം നൽകിയതും വലിയ വാർത്താ പ്രാധാന്യം നേടി.

ഇപ്പോൾ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയപ്പോഴും കൊറോണ തോമസ് ശ്രദ്ധിക്കപ്പെട്ടു. സജീവ ബി.ജെ.പി പ്രവർത്തകനാണ് ഭർത്താവ് ജീനു സുരേഷ്. മക്കൾ അർണവിനും അർപ്പിതയ്ക്കുമാെപ്പമാണ് ഡിവിഷനിലെ മിക്ക വീടുകളിലും ആദ്യഘട്ട പ്രചാരണത്തിന് കൊറോണ തോമസ് ഇറങ്ങിയത്. മാസ്കും സാനിട്ടൈസറുമൊക്കെ ഒപ്പം കരുതിയിരുന്നു. പേരിനോടുള്ള അതൃപ്തിയൊന്നും തന്നോട് കാട്ടരുതെന്ന് ചിരിച്ചുകൊണ്ടുപറഞ്ഞാണ് ആത്മവിശ്വാസത്തോടെയുള്ള വോട്ടുപിടിത്തം. ചുവരുകളിലൊക്കെ കൊറോണയുടെ ചിത്രങ്ങൾ നിറഞ്ഞിട്ടുണ്ട്. മത്സരം തീ പാറുമെന്നാണ് കണക്കുകൂട്ടൽ.