കൊല്ലം: ആന്ധ്രാപ്രദേശിലെ കുഗ്രാമങ്ങളിൽ അരനൂറ്റാണ്ട് വൈദികവൃത്തിയിലൂടെ വിദ്യാഭ്യാസവും ആതുരശുശ്രൂഷയും നവോത്ഥാനവും വഴി പട്ടണങ്ങളാക്കിയ പ്രശസ്ത സുവിശേഷകൻ ഫാ. എസ്. ബെർണാഡ് മുണ്ടപ്പുളം എസ്.വി.ഡി. (86) നിര്യാതനായി. സംസ്‌കാരം ഇന്ന് കൊല്ലം രൂപതയിലെ പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവക സെമിത്തേരിയിൽ ഉച്ചയ്ക്ക് 2ന്. ബിഷപ്പ് ഡോ. സാറ്റാൻലി റോമൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ സാന്തുരാജ്, വികാരി ഫാ. നിതേഷ് ഗോമസ് എന്നിവർ അന്ത്യശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ശാസ്താംകോട്ട പട്ടകടവ് മുണ്ടപ്പുളത്ത് ഹൗസിൽ സെബാസ്റ്റ്യന്റെയും അന്നമ്മയുടെയും മൂത്ത മകനാണ്. 15-ാം വയസിൽ ഡിവൈൻ വേഡ് സൊസൈറ്റി അന്തർദേശീയ സന്യാസ സഭയിൽ ചേർന്നു. 1967 സെപ്തംബർ 21ന് തമിഴ്‌നാട്ടിലെ ട്രിച്ചി കത്തീഡ്രലിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. 1972ൽ 'മെദരമെറ്റ്‌ല', 1986ൽ 'കാരംപൂഡി', 1996ൽ 'ശങ്കവരപ്പാഡു' എന്നീ ഉൾനാടുകളിൽ ഫാ. ബെർണാഡ് ഇംഗ്ലീഷ്, തെലുങ്ക് മീഡിയം വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഹോസ്റ്റലുകൾ, ആശുപത്രികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മഠങ്ങൾ എന്നിവയും പടുത്തുയർത്തി.
ചുഴലിക്കാറ്റിൽ എല്ലാം തകർടിഞ്ഞവർക്കായി 376 വീടുകളും കിണറുകളും നിർമ്മിച്ചുനൽകി. ദരിദ്രോദ്ധാരണ മിഷനറി പ്രവർത്തനത്തിന് അംഗീകാരമായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു 12 ഏക്കർ സ്ഥലം ഫാ. ബെർണാഡിന് വിട്ടുനൽകിയിരുന്നു.
സഹോദരങ്ങൾ: ഗ്രേഷ്യൻ, ആൻഡ്രൂസ്, കർമ്മലി സെബാസ്റ്റ്യൻ, ജസീന്ത നെപ്പോളിയൻ, റീത്തസൈമ, പരേതരായ സ്റ്റാൻലി, ആന്റണി, ജോസഫ്. ഫാ. ലാസർ എസ്. പട്ടകടവ് സഹോദരീ പുത്രനാണ്.