വാഹനങ്ങൾക്ക് പെർമിറ്റ് നിർബന്ധം
കൊല്ലം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിൽ പെരുമാറ്റച്ചട്ടം കർശനമായി ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ - താലൂക്ക് തലത്തിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കും.
നിർദേശത്തിന് വിരുദ്ധമായി കൂട്ടം ചേർന്ന് വീടുകൾ കയറിയ പ്രചാരണ സംഘങ്ങളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ക്വാഡുകൾ തടഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും വ്യക്തികളുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുവരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. ഇത് വരണാധികാരിയുടെ മുന്നിൽ മൂന്നു ദിവസത്തിനകം ഹാജരാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളിസ്ഥലമോ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ പാലിക്കണം.
പ്രചാരണത്തിന് ഇറങ്ങുമ്പോൾ ഓർക്കാൻ
1. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ റിട്ടേണിംഗ് ഓഫീസർമാരിൽ നിന്നുള്ള അനുമതി വാങ്ങണം
2. ഇരുചക്ര വാഹനങ്ങൾക്കും ബാധകം
3. റിട്ടേണിംഗ് ഓഫീസർ നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് പ്രദർശിപ്പിക്കണം
4. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഉപയോഗിക്കരുത്
5. പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാൽ നടപടിയെടുക്കും
6. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വാഹന പ്രചാരണം
7. പ്രചാരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ പൊലീസ് അനുമതി വാങ്ങണം
8. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള സമയം ഉച്ചഭാഷിണി പാടില്ല
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ
രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും താത്കാലിക തിരഞ്ഞെടുപ്പ് ഓഫീസുകൾ തുറക്കുമ്പോഴും നിയന്ത്രണം പാലിക്കണം. പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭയിൽ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലും തിരഞ്ഞെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ഓഫിസുകൾ പ്രവർത്തിപ്പിക്കരുത്. പൊതു - സ്വകാര്യ സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഇത്തരം ഓഫിസുകൾ പാടില്ല.