pracharanam

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും പതിച്ച മാസ്കുകൾ, തുണിയിൽ നിർമ്മിച്ച ബാനറുകൾ, പച്ചക്കറി വിത്തുള്ള പേപ്പർ പേന (വിത്ത് പേന) തുടങ്ങി വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ പ്രചാരണത്തിനും ഇക്കുറി മുൻതൂക്കമുണ്ട്.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫ്ളക്സുകളടക്കം ടൺകണക്കിന് മാലിന്യമാണ് ഗ്രാമ - നഗരഭേദമില്ലാതെ റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം നടപ്പായതോടെ ഫ്ളക്സുകളുടെയും പ്ളാസ്റ്റിക് തോരണങ്ങളുടെയും സ്ഥാനം തുണികളിലേക്ക് മാറിയിട്ടുണ്ട്. ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകളിൽ പ്രചാരണ സാമഗ്രികളുടെ നിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുകയാണ്.

കടലാസിൽ നിർമ്മിച്ച വിത്തുപേനയാണ് മുഖ്യ ആകർഷണം. കൊവിഡ് കാലത്ത് മട്ടുപ്പാവിലും വീട്ടുമുറ്റങ്ങളിലും പച്ചക്കറി കൃഷി ശീലമാക്കിയ മലയാളികൾക്ക് ഇത്തവണ ഒരു തിരഞ്ഞെടുപ്പ് കൗതുകമാണിത്. പയർ, പാവൽ, പച്ചമുളക്, വഴുതന, വെള്ളരി, ചീര, തക്കാളി തുടങ്ങിയവയുടെ വിത്തുകളാണ് പേനയുടെ അഗ്രഭാഗത്ത് ഒളിഞ്ഞിരിക്കുന്നത്. ഉപയോഗശേഷം പേന മണ്ണിലടിയുന്നതോടെ വിത്ത് മുളയ്ക്കും. ഫലസമൃദ്ധിയുമുണ്ടാകും.

 താരമായി കടലാസ് പേന

കടലാസിലാണ് പേനയുടെ നിർമ്മാണം. വിത്ത് പേനയ്ക്കായി കുടുംബശ്രീ നിർമ്മാണ യൂണിറ്റുകളെ പല സ്ഥാനാർത്ഥികളും സമീപിച്ച് കഴിഞ്ഞു. പ്രചാരണത്തിനിറങ്ങുന്നവർക്കെല്ലാം മാസ്ക് നിർബന്ധമായതിനാൽ മാസ്കിലൂടെയും പ്രചാരണം സജീവമാകുന്നുണ്ട്. സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും ഒരുവശത്തും ചിഹ്നം മറുവശത്തുമായി പതിച്ച ബഹുവർണ മാസ്കുകളാണ് ട്രെൻഡ്. പ്രചരണത്തിന് വീടുവീടാന്തരം കയറിയിറങ്ങിയും മാസ്ക് വിതരണം നടത്തുന്നുണ്ട്.