കൊല്ലം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വികസനത്തിന് അടിത്തറയൊരുക്കിയ ഇന്ദിരാ ഗാന്ധിയുടെ ഭരണമികവ് ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായിരുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 103-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സന്ദേശ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പെട്രീഷ്യാ ജോണിനെ ചടങ്ങിൽ മോഹൻ ശങ്കർ ആദരിച്ചു.
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് ഭാരവാഹികളായ സുജയ്, ശശി ഉദയഭാനു, ഡോ. പെട്രീഷ്യ ജോൺ, സി.പി. ബാബു, വെളിയം ജയചന്ദ്രൻ, ബി. അനൂപ് കുമാർ, എം.ജെ.എസ്. മണി, ബി. സുനിൽകുമാർ, നസീർ ഭായ് തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും സ്ത്രീശാക്തീകരണ ദിനാചരണം നടന്നു. പുനലൂരിൽ പ്രൊഫ. സാം പനംകുന്നേൽ, ചാത്തന്നൂരിൽ എം. സുന്ദരേശൻപിള്ള, കരുനാഗപ്പള്ളിയിൽ കെ.എം. നൗഷാദ്, ചവറയിൽ ചവറ ഗോപൻ, ചടയമംഗലത്ത് പി.ജെ. ചാക്കോ, കുണ്ടറയിൽ ജോൺസൺ മേലതിൽ, കുന്നത്തൂരിൽ ജോൺസൺ വൈദ്യൻ, കൊട്ടാരക്കരയിൽ കരീപ്ര രാജേന്ദ്രൻപിള്ള, പത്തനാപുരത്ത് ചേത്തടി ശശി, ഇരവിപുരത്ത് ജി.ആർ. കൃഷ്ണകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.