പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. കോൺഗ്രസ് നേതൃത്വം സീറ്റുകൾ നൽകാതെ മുന്നണി സംവിധാനത്തെ അപമാനിച്ചതിനാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് ജില്ല ജനറൽ സെക്രട്ടറി സ്റ്റാർസി രത്നാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ രണ്ട് സിറ്റിംഗ് സീറ്റുകളും ഇടമൺ ബ്ലോക്ക് ഡിവിഷൻ സീറ്റുമാണ് ഇത്തവണ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്.എന്നാൽ ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകൾ വിട്ട് നൽകി പകരം ഇടമൺ ബ്ലോക്ക് ഡിവിഷൻ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം വാക്ക് പാലിക്കാതെ വഞ്ചിച്ചെന്ന് ജനറൽ സെക്രട്ടറി പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആര്യങ്കാവ് പഞ്ചായത്തിൽ കേരള കോൺഗ്രസിനും കോൺഗ്രസിനും ഓരോ സ്ഥാനാർത്ഥികളെ വീതമെ വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളു.ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾക്ക് തങ്ങൾ കൂട്ട് നിൽക്കില്ലെന്ന് ജോസഫ് വിഭാഗം പറയുന്നു. കേരള കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജോൺ, മണ്ഡലം പ്രസിഡന്റ് കെ.രാഗേഷ്, ട്രഷറർ മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.