photo
കുളവാഴകളാൽ മൂടിയ പള്ളിക്കലാർ

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര കൊതിമുക്ക് വട്ടക്കായലിലും പള്ളിക്കലാറ്റിലും കുളവാഴകൾ വില്ലനായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പട്ടിണിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കായൽ പൂർണമായും കുളവാഴപ്പായലിനാൽ മൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന പായലിന്റെ ഗണത്തിൽപ്പെട്ട കുളവാഴ കായലിന്റെ അടിത്തട്ടുവരെ പിടിമുറുക്കിക്കഴിഞ്ഞു. 7 അടിയോളം താഴ്ചയിൽ പായലിന്റെ വേരുകൾ വളർന്നിറങ്ങിയ നിലയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. കായലിലേക്ക് ആർക്കും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഒഴുക്ക് ഇല്ലാത്തതിനാൽ കുളവാഴ കായലിൽ തന്നെ കെട്ടികിടക്കുകയാണ്.

മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

കായലിൽ കുളവാഴ നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ദുരിത പൂർണമാകുന്നത്. കഴിഞ്ഞ ഒരു മാസമായി മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. വള്ളങ്ങളെല്ലാം കരയിൽ കയറ്റിയിട്ടിരിക്കുകയാണ്. 400 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന വട്ടക്കായലും കിലോമീറ്ററുകൾ നീളത്തിൽ കിടക്കുന്ന പള്ളിക്കലാറും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗമാണ്. കരിമീൻ, കൊഞ്ച്, പ്രാച്ചി, പൊടിമീനുകൾ എന്നിവ കായലിൽ സുലഭമാണ്. കൊല്ലക, അരിനല്ലൂർ, തെക്കുംഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവിടെ മീൻ പിടിക്കാനായെത്തുന്നത്. ഇതു കൂടാതെ ഇവിടെ നിന്ന് കക്ക വാരുന്നവരും നിരവധിയാണ്.

അപകട സാദ്ധ്യത

കായലിലേക്ക് ഇറങ്ങിയാൽ കുളവാഴയുടെ വള്ളികൾക്കിടയിൽപ്പെട്ട് അപകടമുണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വള്ളങ്ങൾ പോലും കായലിലേക്ക് ഇറക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം പള്ളിക്കലാറ്റിലെ പായലിൽ വള്ളത്തോടെ കുരുങ്ങിപ്പോയ ഒരാളെ നാട്ടുകാർ കരയിൽ നിന്ന് കയർ എറിഞ്ഞ് സാഹസികമായാണ് കരയ്ക്ക് എത്തിച്ചത്.

ജനുവരിയോടെ പ്രശ്നപരിഹാരം

ഡിസംബർ മാസത്തോടെ കടലിൽ നിന്ന് ഉപ്പ് വെള്ളം കായലിൽ എത്തുന്നതോടെ കുളവാഴയുടെ വേരുകൾ അഴുകി ത്തുടങ്ങും. ജനുവരി മാസത്തോടെ കായൽ പൂർണമായും കുളവാഴയുടെ ശല്യത്തിൽ നിന്നും വിമുക്തമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.