കിംഗ് ഖാൻ ഷാരൂഖിന്റെ വീട്ടിൽ ഒരു ദിവസം താമസിച്ചാലോ? സംഗതി തമാശയല്ല, ഷാരൂഖ് ഖാന്റെ ഡൽഹിയിലെ വീട്ടിൽ താമസിക്കാൻ ഇതാ ശരിക്കും അവസരം വന്നിരിക്കുന്നു. അമേരിക്കൻ വെക്കേഷൻ റെന്റൽ ഓൺലൈൺ കമ്പനിയായ Airbnb നൊപ്പം ചേർന്നാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും അതിഥികൾക്കായി വീടിന്റെ വാതിൽ തുറക്കുന്നത്.

പക്ഷേ, ചുമ്മാതങ്ങ് ബാഗുമെടുത്ത് ഡൽഹിയിലെ വീട്ടിലേക്ക് പോകാൻ പറ്റില്ല. ഒരു മത്സരമുണ്ട്, അതിൽ വിജയിക്കുന്നയാൾക്കാണ് അവസരം. സൗത്ത് ഡൽഹിയിലെ പഞ്ച്ശീൽ പാർക്കിന് സമീപമാണ് ബംഗ്ലാവ്. മത്സരത്തിൽ വിജയിക്കുന്ന ആൾക്കൊപ്പം ഒരാൾക്കു കൂടി വീട്ടിൽ താമസിക്കാം. 2021 ഫെബ്രുവരി 13 വരെയാണ് അവസരം. മത്സരത്തിന്റെ വിശദാംശങ്ങൾ ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ഒരു ചെറിയ കുറിപ്പും തയ്യാറാക്കണം. ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണത്തെ( "Open Arm Welcome") കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പമാണ് നൂറ് വാക്കിൽ കവിയാതെ എഴുതേണ്ടത്. ഇരു കൈയ്യും നീട്ടിയുള്ള ഷാരൂഖിന്റെ സിഗ്നേച്ചർ ആംഗ്യത്തിനുള്ള സ്മരാണർത്ഥമാണിത്. ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വീടിന്റെ ചിത്രങ്ങളും വീടുമായി ബന്ധപ്പെട്ട ഓർമ്മകളും ഷാരൂഖ് പറയുന്നുണ്ട്. മത്സരത്തിൽ വിജയിക്കുന്നയാൾക്ക് ഒരു രാത്രി ഉൾപ്പെടെ ഷാരൂഖാന്റെ വീട്ടിൽ താമസിക്കാം. ഷാരൂഖും കുടുംബവും താമസിച്ച വീട്ടിൽ ഒരു ദിവസം.

പരിചരിക്കാൻ ജോലിക്കാരും ഉണ്ടാകും ഇതുകൊണ്ടും തീർന്നില്ല, ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള ആഢംബര പൂർണമായ ഡിന്നറും സൂപ്പർഹിറ്റായ ഷാരൂഖിന്റെ സിനിമകളും ആസ്വദിക്കാം. മടങ്ങുമ്പോൾ ഖാൻ കുടുംബത്തിന്റെ വക ഒരു ചെറിയ സമ്മാനവും ലഭിക്കും.