അഞ്ചൽ: മേഖലയിൽ കൊവിഡ് നിയന്ത്രണം കൈവിടുന്നത് ആളുകളെ ആശങ്കയിലാക്കുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഈ മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നത്. ചൊവ്വാഴ്ച അഞ്ചൽ മേഖലയിൽ 55ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇടമുളയ്ക്കൽ പഞ്ചായത്തിൽ 31 പേർക്കും അലയമണിൽ 9 പേർക്കും ഏരൂർ, അഞ്ചൽ പഞ്ചായത്തുകളിൽ 7 പേർക്കും വീതമായിരുന്നു കൊവിഡ്. ബുധനാഴ്ച ഇടമുളയ്ക്കൽ പഞ്ചായത്തിൽ തന്നെ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നിയന്ത്രണമില്ലാതെ ആളുകൾ
ഓണം കഴിഞ്ഞതോടെ കൊവിഡ് ബാധിതർ വർദ്ധിച്ചുവെങ്കിലും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ശക്തമായ ഇടപെടൽ രോഗവ്യാപനം നിയന്ത്രിച്ച് നിറുത്തി. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ വന്ന്പോകുന്ന പട്ടണമാണ് അഞ്ചൽ. ഒരു നിയന്ത്രണവും ഇല്ലാതെയാണ് ആളുകൾ ഇവിടേയ്ക്ക് എത്തുന്നത്. 144 പിൻവലിച്ചതോടെ ആളുകൾ കൂട്ടം കൂടാനും തുടങ്ങി.
ഇലക്ഷൻ പ്രചാരണം ശക്തമായതോടെ പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ആരോഗ്യവകുപ്പിനും നിസംഗത
കൂട്ടം കൂടുന്നവർക്കും മാസ്ക് ധരിക്കാത്തവർക്കും പിഴ വർദ്ധിപ്പിച്ചെങ്കിലും ആളുകൾ ഇതും കേൾക്കാത്ത മട്ടാണ്.കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശം പോലും പലരും അനുസരിക്കുന്നില്ല. ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ആരോഗ്യവകുപ്പ് ഈ കാര്യത്തിൽ നിസംഗത പുലർത്തുന്നുവെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണിലാക്കിയിരിക്കുകയാണ്. ഏതായാലും പൊലീസും ആരോഗ്യ വകുപ്പും ജനങ്ങളുടെ സഹകരണത്തോടെ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
144 പിൻവലിച്ചെങ്കിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കാൻ കഴിയില്ല. സാമൂഹ്യ അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ നടപടികൾ ഉണ്ടാകും. കൊവിഡ് നിയന്ത്രണത്തിന് ആളുകളുടെ സഹകരണം മുഖ്യമാണ്. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും.
(എൽ. അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ഒഫ് പൊലീസ്, അഞ്ചൽ)