ഓച്ചിറ: ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിച്ചു. കൊവിഡാനന്തര ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഇവിടെ ചികിത്സ ലഭ്യമാക്കും. കൊവിഡ് ഭേദമായിട്ടും ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന സാബുക്കുട്ടൻ ഭദ്രദീപം കൊളുത്തി ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ പോസ്റ്റ് കൊവിഡ് ക്ലിനിക്കിനെപ്പറ്റി വിശദീകരിച്ചു. സ്റ്റാഫ് നഴ്സ് സിന്ധു, ജൂനിയർ എച്ച്.ഐ ഹരികുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.സി. മധുകുമാർ സ്വാഗതം പറഞ്ഞു.
പ്രവർത്തനം എല്ലാ വ്യാഴാഴ്ചകളിലും
എല്ലാ വ്യാഴാഴ്ചകളിലും 11 മുതൽ ഒരു മണിവരെ ക്ലിനിക് പ്രവർത്തിക്കും. കൊവിഡ് രോഗം ഭേദമായ 10 ശതമാനം പേരിൽ മൂന്നാഴ്ച മുതൽ ഒരു മാസംവരെ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അവ പരിഹരിക്കുന്നതിനാണ് പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിച്ചത്. ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരും ആശാ പ്രവർത്തകരും ഇത്തരം രോഗികളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷം പോസ്റ്റ് കൊവിഡ് ക്ലിനിക്കിലേക്ക് ഇവരെ എത്തിക്കും. തുടർന്ന് രോഗ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആവശ്യമായ ചികിത്സ നൽകുന്നത്. ശ്വാസകോശ ഫൈബ്രോസിസ്, സ്ട്രോക്ക് സിൻഡ്രം, വെൻട്രിക്കുലർ ഡിസ്‌ഫംഗ്ഷൻ, കാർഡിയോ മയോപ്പതി തുടങ്ങിയ രോഗമുള്ളവരെ ഹയർ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യും.