pracharanam1

 വിജയം ആവർത്തിക്കാൻ എൽ.ഡി.എഫ്, തിരിച്ചുവരാൻ യു.ഡി.എഫ്, നില മെച്ചപ്പെടുത്താൻ എൻ.ഡി.എ

കൊല്ലം: കൊവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തങ്ങൾക്കനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ഇടത്​ ​- വലത് മുന്നണികളും എൻ.ഡി.എയും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കണമെന്ന് ഇടതുമുന്നണിയും കഴിഞ്ഞ തവണത്തെ ക്ഷീണം മാറ്റി തിരിച്ചുവരണമെന്ന് യു.ഡി.എഫും കുറച്ച് പഞ്ചായത്തുകളിലെങ്കിലും അധികാരത്തിലെത്തണമെന്ന് ബി.ജെ.പിയും പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകി.

മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം പ്രതിഫലിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയം തദ്ദേശത്തിൽ സംഭവിക്കരുതെന്ന കർശന നിർദ്ദേശമാണ് സി.പി.എം നേതൃത്വം അണികൾക്ക് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി കള്ളക്കഥകൾ ചമയ്ക്കുകയാണെന്നും വിവാദങ്ങൾ ഉയർത്തി സർക്കാരിനെ തകർക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നുമുള്ള കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രാദേശിക നേതാക്കൾക്ക് എൽ.ഡി.എഫ് നിർദ്ദേശം നൽകി.
പ്രാദേശിക തലത്തിലെ ഗ്രൂപ്പുകളി ഉപേക്ഷിച്ച് എല്ലാവരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോൺഗ്രസ് ഭാരവാഹികളോട് നേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്. വാർഡ് തലത്തിൽ പരമാവധി സീറ്റുകളിൽ അധികാരത്തിലെത്തണമെന്ന് പ്രാദേശിക നേതാക്കൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഇടതുമുന്നണിയെ പ്രതിക്കൂട്ടിലാക്കാൻ സ്വർണക്കടത്തും ലൈഫ് കോഴക്കേസും യു.ഡി.എഫ് പ്രചാരണായുധമാക്കും.

ഇലക്ഷൻ പ്രചാരണത്തിൽ ഉഴപ്പുന്നവരെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുമെന്നാണ് ബി.ജെ.പിയുടെ അന്ത്യശാസനം. കശുഅണ്ടി അഴിമതി ഉയർത്തിക്കാട്ടി ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ തവണ കിട്ടിയതിന്റെ രണ്ടിരട്ടി സീറ്റുകളെങ്കിലും പിടിച്ചെടുക്കണമെന്ന നിർദ്ദേശമാണ് പാർട്ടി ഘടകകങ്ങൾക്ക് നേതാക്കൾ നൽകിയിരിക്കുന്നത്.