c

തൊടിയൂർ: തൊടിയൂരിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇക്കുറി സവിശേഷതകളേറെ. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളാണ് ഇത്തവണ മത്സര രംഗത്തുള്ളവരിൽ അധികവും. കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തങ്ങളും ജനക്ഷേമപദ്ധതികളും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എൽ.ഡി.എഫിന്റെ ഭരണപരാജയങ്ങളും ലൈഫ് പദ്ധതി നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചയും തങ്ങൾക്കനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. അഞ്ചുവർഷം പഞ്ചായത്ത് ഭരണത്തിന്
നേതൃത്വം നൽകിയ സി.പി.എമ്മിലെ കടവിക്കാട്ട് മോഹനനും നാലു വർഷക്കാലം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി.പി.ഐയിലെ ബിന്ദുദേവിയമ്മയും ഇക്കുറി മത്സരത്തിനിറങ്ങില്ല. അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റായിരുന്ന ആർ. രോഹിണി,​ വിവിധ സ്ഥിരം സമിതികളുടെ അദ്ധ്യക്ഷരായിരുന്ന സി.പി.എമ്മിലെ ബി. പത്മകുമാരി, കെ. സുരേഷ് കുമാർ, സി.പി.ഐയിലെ നാസർ പാട്ടക്കണ്ടത്തിൽ എന്നിവരും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കും. പ്രസിഡന്റ് ഉൾപ്പടെ
എട്ട് അംഗങ്ങളായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. ഇവരിലാരും ഇത്തവണ മത്സരത്തിനില്ല എന്നതാണ് പ്രത്യേകത. എന്നാൽ അഞ്ചംഗങ്ങളുണ്ടായിരുന്ന സി.പി.ഐയിലെ ബിന്ദു രാമചന്ദ്രൻ ഇടവേളയില്ലാതെ അഞ്ചാം തവണയും അഞ്ചാം വാർഡിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസിന് എട്ടംഗങ്ങളാണ് പഞ്ചായത്തിലുണ്ടായിരുന്നത്. പാർലമെന്ററി പാർട്ടി ലീഡറായിരുന്ന എം.എം. സലിം ഉൾപ്പടെയുള്ള ഇവരിലാരും ഇക്കുറി മത്സര രംഗത്തില്ല. എന്നാൽ നേരത്തേ പഞ്ചായത്തംഗങ്ങളായിരുന്നവരിൽ ചിലർ ഇക്കുറി വീണ്ടും മത്സരിക്കുന്നുണ്ട്. സി.പി.എമ്മിലെ മുൻ വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ
മൂന്നാം വാർഡിലും പഞ്ചായത്തംഗമായിരുന്ന പ്രസന്ന ആറാം വാർഡിലും കോൺഗ്രസിലെ അഡ്വ. സി.ഒ. കണ്ണൻ ഏഴാം വാർഡിലും തൊടിയൂർ വിജയൻ ഒമ്പതാം വാർഡിലും മത്സരിക്കുകയാണ്.

ദമ്പതികളും മത്സരത്തിന്

പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി ദമ്പതികളാണ് മത്സരംഗത്തുള്ളത്. മൂന്നാം വാർഡിൽ മത്സരിക്കുന്ന കോൺഗ്രസിലെ തൊടിയൂർ വിജയകുമാറും ആറാം വാർഡിൽ മത്സരിക്കുന്ന ബിന്ദു വിജയകുമാറുമാണ് ഈ ദമ്പതികൾ.