 
കൊല്ലം: ജില്ലയിലെ കശുഅണ്ടി തൊഴിലാളികളുടെ കണ്ണുനീരിൽ ചവിട്ടിനിന്നാണ് ഇടതുപക്ഷം ജനങ്ങളെ വോട്ടിനായി സമീപിക്കുന്നതെന്ന് മുൻ മിസോറാം ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു.
കശുഅണ്ടി അഴിമതിയിലൂടെ നേടിയ അഞ്ഞൂറ് കോടി പരസ്പരം വീതംവച്ച കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ട സഹോദരങ്ങളെപ്പോലെയാണ്. സ്വന്തം ഓഫീസിലെ തെട്ടടുത്ത കസേരയിൽ ഇരുന്നയാളെ മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് വിലപിക്കുന്ന മുഖ്യമന്ത്രി ജയിലിൽ കിടക്കുന്ന ശിവശങ്കറിനുവേണ്ടി വാദിക്കുന്നത് കേരള ജനത കാണുന്നുണ്ട്. സ്വന്തം ഓഫീസ് ഭരിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വീട് ഭരിക്കാൻ കഴിയാത്ത പാർട്ടി സെക്രട്ടറിക്കും സ്വാധീനമുള്ള വിചിത്ര ഭരണമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുമെന്നും എൻ.ഡി.എ കേരളത്തിൽ ഒന്നാമതാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കൊല്ലം തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു.
ഇരവിപുരം നയോജക മണ്ഡലത്തിലെ പാലത്തറ, പുന്തലത്താഴം, വടക്കേവിള, ഉദയമാർത്താണ്ഡപുരം, തെക്കേവിള എന്നീ സിവിഷനുകളിലും കൊല്ലം മണ്ഡലത്തിലെ കച്ചേരിയിലും പ്രചാരണങ്ങളിൽ കുമ്മനം പങ്കെടുത്തു.