കൊട്ടാരക്കര: ചോർന്നൊലിക്കുന്ന വീട്ടിൽ കൂട്ടിനാരുമില്ലാതെ കഴിഞ്ഞുകൂടുകയാണ് തൃക്കണ്ണമംഗൽ ചെക്കാലമുക്ക് കളീലഴികത്ത് വീട്ടിൽ ശ്യാമളകുമാരി.കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു ആകെയുണ്ടായിരുന്ന സഹോദരനും മരിച്ചപ്പോൾ ശ്യാമള ജീവിതത്തിൽ തനിച്ചായി. ബന്ധുക്കളെന്നു പറയാൻ ആരുമില്ല. ഇപ്പോൾ അടച്ചുറപ്പില്ലാത്ത,​ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയപ്പാടോടെയാണ് ശ്യാമള നാളുകൾ കഴിച്ചുകൂട്ടുന്നത്. 50 വർഷത്തോളം പഴക്കമുള്ള പഴയ വീടിന്റെ ഓടുകൾ മിക്കതും പൊട്ടി ചോർന്നൊലിക്കുകയാണ്.

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടില്ല

ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ശ്യാമള ജീവിക്കുന്നത്. കൊവിഡ് വ്യാപകമായതോടെ ലോട്ടറി കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതിയും ശ്യാമളയെ തുണച്ചില്ല. വാതിലുകൾ അടച്ചുറപ്പുള്ളതാക്കണം,​ കൂടാതെ മേൽക്കൂരയിലെ തകർന്ന ഓടുകളും മാറ്റി ചോർച്ച ഇല്ലാതാക്കണം എന്ന് മാത്രമാണ് ശ്യാമള ആഗ്രഹിക്കുന്നത്. സുമനസുള്ളവർക്ക് സഹായിക്കാം. ശ്യാമളകുമാരി, കളലഴികത്തു വീട്, തൃക്കണ്ണമംഗൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ : എസ്.ബി.ടി .അക്കൗണ്ട് നമ്പർ: 57029851764.IFSC : SBTR0000063