c

ശാസ്താംകോട്ട: യു.ഡി.എഫ് ഭരണം അട്ടിമറിച്ച് എൽ.ഡി.എഫ് അധികാരത്തിലെത്തിയ മൈനാഗപ്പള്ളിയിൽ ഇക്കുറി ഭരണം പിടിക്കാൻ ഇടത് - വലത് മുന്നണികളും സ്വാധീനം തെളിയിക്കാൻ എൻ.ഡി.എയും ശക്തമായ പോരാട്ടത്തിനിറങ്ങുന്നു. നാമനിർദ്ദേശ പത്രികാ സമർപ്പണം കഴിഞ്ഞതോടെ പ്രചാരണ പരിപാടികൾ സജീവമായി. വിമതഭീഷണി ഒഴിവാക്കി കരുതലോടെ നീങ്ങി ഇക്കുറി ഭരണം പിടിക്കാനാണ് യു.ഡി.എഫിന്റെ നീക്കം. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദും തുടർച്ചയായി ഇരുപതു വർഷം ത്രിതല പഞ്ചായത്ത് അംഗമായിരുന്ന ബി. സേതുലക്ഷ്മിയും അടങ്ങുന്ന പരിചയ സമ്പന്നരുടെ നിരയാണ് ഇക്കുറി യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുന്നുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയാക്കി ഭരണം നിലനിറുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ജെ.പി. ജയലാൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. കോശി വൈദ്യൻ എന്നിവരുൾപ്പടെയുള്ള ശക്തരായ സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ച രണ്ട് സീറ്റു നിലനിറുത്തി കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എയും മത്സര രംഗത്ത് സജീവമാണ്. കഴിഞ്ഞ തവണ വിജയിച്ച സീറ്റിൽ അതേ അംഗങ്ങളെ തന്നെ മത്സരത്തിറക്കിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിന്റെ മെമ്പർമാരായിരുന്ന കെ.ഐ. സഞ്ജയ് ഒന്നാം വാർഡിലും ബിന്ദുജയൻ നാലാം വാർഡിലും സ്വതന്ത്രരായി മത്സരിക്കുന്നത് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇടതുമുന്നണിയിൽ സി.പി.എം 11 സീറ്റിലും സി.പി.ഐ 8 സീറ്റിലും ആർ.എസ്.പി (എൽ) രണ്ട് സീറ്റിലും എൽ.ജെ.ഡി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിനു വേണ്ടി 19 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ആർ.എസ്.പിയും ഒരു സീറ്റിൽ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്.