custody
Custody

 പിടികൂടുന്നതിനിടെ പരിക്കേറ്റ എസ്.ഐ ചികിത്സയിൽ

കൊല്ലം: വഴിയാത്രക്കാരനായ യുവാവിനെ കല്ലുകൊണ്ടാക്രമിച്ച് കണ്ണിന് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ ആറ്റിങ്ങലിലെ ഒളിയിടത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടി. കിളികൊല്ലൂർ ലത്തീഫ് മൻസിലിൽ സുധീറാണ് (32) അറസ്റ്റിലായത്. വനിതാ സുഹൃത്തിനൊപ്പം ഒളിയിടത്തിൽ കഴിയുകയായിരുന്ന സുധീറിനെ പിടികൂടുന്നതിനിടെ ഇരവിപുരം എസ്.ഐ ദീപുവിന്റെ കാലിന് പരിക്കേറ്റു.

കേസിലെ മറ്റൊരു പ്രതി തെക്കേവിള സൗഹൃദാനഗർ എ.കെ.ജി ജംഗ്ഷന് സമീപം കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണൻ (20) നേരത്തെ അറസ്റ്റിലായിരുന്നു. ഒക്ടോബർ 18ന് രാത്രി ഏഴിന് മാടൻനട ലെവൽ ക്രോസിന് സമീപത്ത് വെച്ചാണ് തെക്കേവിള കെ.ടി.എൻ നഗർ 206 നെടിയഴിയം വീട്ടിൽ മുഹമ്മദ് നസ്രത്തിനെ (19) സുധീറും കണ്ണനും ചേർന്ന് ആക്രമിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ നസ്രതത്ത് ഇപ്പോഴും ചികിത്സയിലാണ്.

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിനടുത്ത് വനിതാ സുഹൃത്തിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ കുറിച്ച് വിവരം നൽകിയത് സൈബർ പൊലീസാണ്. തുടർന്ന് എസ്.ഐമാരായ ദീപു, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. പൊലീസിന് നേരെ ആയുധം വീശിയ ശേഷം മതിലുകൾ ചാടിക്കടന്ന് ഓടിയ സുധീറിനെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ എസ്.ഐ ദീപു ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പ് അറസ്റ്റിലായ കണ്ണൻ വധശ്രമം, കഞ്ചാവ് കടത്ത് ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയാണ്.