vote

കൊല്ലം: മൂന്ന് മുന്നണികളും ഈഴവരാദി പിന്നാക്കക്കാരെ അവഗണിച്ചു. അതോടെ നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മൂന്നാം വാർഡിൽ ഈഴവ വിഭാഗത്തിൽ നിന്നും പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയായി. വാർഡ് തിരഞ്ഞെടുപ്പിൽ ഈഴവ വിഭാഗം മത്സരിച്ചാൽ ജയിക്കില്ലെന്ന ന്യായം പറഞ്ഞ് ഓരോ തവണയും സ്ഥാനാർത്ഥിത്വം വെട്ടിമാറ്റാറുണ്ട്. ഇക്കുറി കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചപ്പോൾ ഒരു വിഭാഗത്തിൽ നിന്നുള്ളവരെ മാത്രമാണ് പരിഗണിച്ചത്. ആയിരത്തി ഇരുന്നൂറിൽപ്പരം വോട്ടുകളാണ് വാർഡിൽ ഉള്ളത്. ഇതിൽ നായർ വിഭാഗത്തിന് നാമമാത്രമായ മുൻതൂക്കമുണ്ട്. ഈഴവ വോട്ടർമാരാണ് തൊട്ടുപിന്നിൽ. ആ കാരണം പറഞ്ഞുകൊണ്ടാണ് എല്ലാക്കാലത്തും നായർ വിഭാഗത്തിൽ നിന്നുമാത്രം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. പതിവ് രീതി അനുവദിക്കില്ലെന്ന് പ്രദേശത്തെ യുവജനങ്ങൾ ഉൾപ്പടെ ചേർന്ന യോഗം തീരുമാനിക്കുകയും ഈഴവ വിഭാഗത്തിൽ നിന്നും ബിനു അജയനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ദളിത്, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും വോട്ടുള്ള വാർഡായതിനാൽ അവരുടെ പിന്തുണയും അഭ്യർത്ഥിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വാർഡായി തേവലപ്പുറം മാറിക്കഴി‌ഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് പൊതുസ്വതന്ത്രയെ നിറുത്തിയിട്ടുള്ളത്. സി.പി.എമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയാണ് സ്ഥാനാർത്ഥി ബിനു അജയൻ.