23 വരെ പിൻവലിക്കാൻ അവസരം
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ വരണാധികാരികൾക്ക് സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വരണാധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് പത്രികകൾ പരിശോധിക്കുക. സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്നുപേർക്ക് പത്രിക പരിശോധിക്കുമ്പോൾ പ്രവേശനം നൽകും. ഇതിന് ശേഷം അംഗീകരിച്ച പത്രികകൾ പ്രസിദ്ധീകരിക്കും. പത്രികകൾ പിൻവലിക്കാൻ 23 വരെ സമയമുണ്ട്. പിന്നീടാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ജോലികളിലേക്ക് കടക്കുക. 23 കഴിയുന്നതോടെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ ചിത്രം വ്യക്തമാകും. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്കും സമർപ്പിച്ച നാമ നിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 11 ന് ആരംഭിക്കും. ഒന്ന് മുതൽ 15 വരെയുള്ള ഡിവിഷനുളിലേത് ഉച്ചയ്ക്ക് മുൻപും 16 മുതൽ 26 വരെയുള്ളത് ഉച്ചയ്ക്ക് ശേഷവും എന്ന സമയക്രമത്തിലാണ് പരിശോധന.