കൊല്ലം: മൈലം പഞ്ചായത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാകേണ്ടയാൾ മുങ്ങി. കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും പാർട്ടി പ്രവർത്തകരും തെരച്ചിൽ തുടരുന്നു. പഞ്ചായത്തിലെ കോട്ടാത്തല പതിമൂന്നാം വാർഡിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചിരുന്ന അഭിലാഷ് കോട്ടാത്തലയെ(കുട്ടൻ) ആണ് കാണാതായത്. ആഴ്ചകൾക്ക് മുൻപുതന്നെ അഭിലാഷിന്റെ പോസ്റ്ററുകളും ബോർഡുകളും ഇറങ്ങിയിരുന്നു. ആദ്യഘട്ട ഭവന സന്ദർശനവും പൂർത്തിയാക്കി. തിരഞ്ഞെടുപ്പിന്റെ പ്രചരണച്ചൂടിൽ നിൽക്കുമ്പോഴാണ് അഭിലാഷിന് മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് കൂട്ടുകാരിൽ ആരോ പറഞ്ഞത്. വൈദ്യുതി ബോർഡിലെ താത്കാലിക ജീവനക്കാരനാണ് അഭിലാഷ്. സ്ഥിര ജോലി അല്ലാത്തതിനാൽ പ്രശ്നമില്ലെന്ന് ഉപദേശമുണ്ടായെങ്കിലും അഭിലാഷിനെ പിന്നീട് കാണാതായി. ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻവേണ്ടി അഭിലാഷിനെ ബന്ധപ്പെട്ടപ്പോഴാണ് ആളെ കാണാനില്ലെന്ന വിവരം പാർട്ടിക്കാർക്ക് ബോദ്ധ്യപ്പെട്ടത്. പിന്നീട് അന്വേഷണം തുടങ്ങി. കൂട്ടത്തിൽ ഒരാൾ ജോത്സ്യനെക്കണ്ട് പ്രശ്നം വയ്പിച്ചു. ഗുരുവായൂർ ഭാഗത്തേക്ക് സഞ്ചരിച്ചിട്ടുണ്ടെന്നാണ് ജോത്സ്യൻ പറഞ്ഞത്. തൊട്ടുപിന്നാലെ അഭിലാഷിന്റെ അക്കൗണ്ടുള്ള ബാങ്കിൽ എ.ടി.എമ്മിൽ നിന്നും പണം എടുത്തിട്ടുണ്ടോയെന്ന വിവരം തിരക്കി. അമ്പലപ്പുഴയിലെ എ.ടി.എമ്മിൽ നിന്നും പണം എടുത്തതായി അറിഞ്ഞതോടെ ഗുരുവായൂർ പോയിട്ടുണ്ടാകുമെന്ന ആശ്വാസത്തിലാണ് എല്ലാവരും. സ്ഥാനാർത്ഥി മുങ്ങിയതോടെ കഴിഞ്ഞ തവണ മത്സരിച്ച വനിതയെ വീണ്ടും സ്ഥാനാർത്ഥിയാക്കി പത്രിക സമർപ്പിച്ചു.