pic

കൊല്ലം: രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ കരുനാഗപ്പള്ളിയിൽ എക്സൈസ് പിടിയിലായ സംഭവത്തിൽ തൃശൂരിലേക്കും വിശാഖപട്ടണത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേസ് ഏറ്റെടുത്ത കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട കോന്നി ഐരവൺ ഈട്ടിമൂട്ടിൽ പുത്തൻവീട്ടിൽസിറാജ് (39) ഇപ്പോൾ താമസിക്കുന്ന തൃശൂർ ചാവക്കാട് കേന്ദ്രമാക്കിയുള്ള ലഹരിമാഫിയ സംഘങ്ങളെയും അവർക്ക് ലഹരിവസ്തുക്കൾ എത്തിച്ച് നൽകുന്ന വിശാഖപട്ടണം സംഘത്തെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ സിറാജിനൊപ്പം അറസ്റ്റിലായ കൊല്ലം കൈക്കുളങ്ങര താന്നിയിൽ തെക്കതിൽ വീട്ടിൽ നിന്ന് ചവറ അറയ്ക്കൽ തൈയിൽ തെക്കതിൽ അനീറ്റാഭവനിൽ അഖിൽരാജിന്റെ (23) ഇടപാടുകാരായ കൊല്ലം സ്വദേശികളായ ചിലരിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ചവറ വടുതല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിൽ ചില്ലറ വില്പന നടത്താനുള്ള നീക്കം ആന്റിനാർക്കോട്ടിക് സി.ഐ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിന് ചോർന്നുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ എക്സൈസ് സംഘം കുടുക്കിയത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനു, അസി. കമ്മിഷണർ ബി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

വിശാഖപട്ടണത്ത് നിന്ന് തൃശൂർ വഴി തെക്കൻ കേരളത്തിൽ വിതരണത്തിനെത്തിച്ച 2.300 കി.ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലിന് ഇന്ത്യൻ വിപണിയിൽ രണ്ടുകോടിയോളം വിലവരുമെന്നാണ് എക്സൈസ് കണക്കാക്കിയിരിക്കുന്നത്. റെയ്ഡിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കൂടാതെ കരുനാഗപ്പള്ളി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എ. അജയകുമാർ, അജിത്ത് കുമാ‌ർ, എസ്. അനിൽകുമാ‌ർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, ബി. ശ്രീകുമാർ, എസ്. അനിൽകുമാർ, എച്ച്. ഷിഹാസ്, പി. രാജു എന്നിവർ പങ്കെടുത്തിരുന്നു.