 
 സാധുവായ പത്രികകളുടെ പട്ടിക ഇന്ന് രാത്രിയോടെ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചപ്പോൾ നഗരസഭയിലെ 55 ഡിവിഷനുകളിലായി പത്രിക സമർപ്പിച്ചത് 340 പേർ. പലരും ഒന്നിലധികം സെറ്റ് പത്രികകൾ സമർപ്പിച്ചതിനാൽ ആകെ 572 പത്രികകൾ ലഭിച്ചു. ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനുകളിലായി 160 പേർ 283 പത്രികകൾ നൽകിയത്. 29 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്ക് 180 പേർ 289 പത്രികകളും സമർപ്പിച്ചു.
പത്രിക സമർപ്പിച്ച 340 പേരിൽ 150 ഓളം എണ്ണം ഡമ്മി സ്ഥാനാർത്ഥികളെന്നാണ് വിവരം. മൂന്ന് മുന്നണികളും എല്ലാ ഡിവിഷനുകളിലും ഓരോ ഡമ്മി സ്ഥാനാർത്ഥികളെ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.
ഇന്ന് രാവിലെ ജില്ലാ എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് ഓഫീസിൽ 1 മുതൽ 28 വരെയും 29 മുതൽ 55 വരെയുമുള്ള ഡിവിഷനുകളിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിക്കും. പരിശോധനയ്ക്ക് ശേഷം സാധുവായ പത്രികകളുടെ പട്ടിക ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും.
 ഇനി വിമതരെ ചാക്കിടീൽ
ഇന്നലെ വരെ മൂന്ന് മുന്നണികളും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിരക്കിലായിരുന്നു. ഇതിനിടെ വിമതരായി രംഗത്തെത്തിയവരെ തണുപ്പിക്കാൻ പാർട്ടി സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും സമയം കിട്ടിയില്ല. നേതാക്കൾ വീട്ടിൽ വന്ന് കണ്ടാൽ പിൻവലിക്കുമെന്ന നിലപാടിലാണ് ചില വിമതർ. എന്ത് സംഭവിച്ചാലും പിന്മാറിലെന്ന നിലപാടുള്ളവരുമുണ്ട്.
നാളെ മുതൽ ഡമ്മികൾ പത്രിക പിൻവലിക്കും. വിമതരിൽ ചിലർ പിന്മാറാനും സാദ്ധ്യതയുണ്ട്. അതിന് ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുമ്പോഴേ നഗരത്തിലെ യഥാർത്ഥ മത്സരചിത്രം വ്യക്തമാകു.