കരുനാഗപ്പള്ളി: തേവലക്കര ഗവ. ഐ.ടി.ഐയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇന്നും അകലെയാണ്. പ്രവർത്തനം ആരംഭിച്ച് ഒരു ദശാബ്ദം പിന്നിടുമ്പോഴും വികസനം ഇവിടേയ്ക്ക് എത്തി നോക്കിയിട്ടില്ല. മെട്രിക് ട്രേഡുകൾ അനുവദിക്കുന്നതിൽ ബന്ധപ്പെട്ടവർ തികഞ്ഞ അനാസ്ഥയാണ് ഇസ്റ്റിറ്റ്യൂട്ടിനോട് കാണിക്കുന്നതെന്ന പരാതിയും ഉണ്ട്.
ആകെ മൂന്ന് ട്രേഡുകൾ
തേവലക്കരയിലെ ചേനങ്കര ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരുന്നു ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ച് തുടങ്ങിയത്. 2013 ൽ പട്ടകടവിന് സമീപം കായലോരത്ത് തേവലക്കര ഗ്രാമപഞ്ചായത്ത് നൽകിയ ഒരേക്കർ ഭൂമിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. തുടർന്ന് വാടക കെട്ടിടത്തിൽ നിന്നും ക്ലാസുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. തുടക്കം മുതൽ രണ്ട് വർഷം ദൈർഘ്യമുള്ള സർവേയർ ട്രേഡും ഓരോ വർഷം വീതമുള്ള വെൽഡിംഗ് , പ്ലംമ്പിംഗ് ട്രേഡുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും ഐ.ടി.ഐ ഈ മൂന്ന് ട്രേഡുകളുമായാണ് മുന്നോട്ട് പോകുന്നത്.മൂന്ന് ട്രേഡുകളിലുമായി 92 വിദ്യാർത്ഥികൾ പഠിക്കുന്നു. 112 വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് നിലവിൽ ഉള്ളത്.
കായൽ തീരത്ത് ഇനി കെട്ടിടവും നിർമ്മിക്കാനാകില്ല
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടം നിർമ്മിച്ച് 7 വർഷങ്ങൾ കഴിഞ്ഞിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ കെട്ടിടത്തിന് നമ്പർ പോലും നൽകിയിട്ടില്ല. കായലിനോട് ചേർന്ന് കിടക്കുന്ന ഭൂമിയായതിനാൽ ഐ.ടി.ഐ യുടെ വികസനവുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനും സാദ്ധ്യമല്ല.അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണ് പുതിയ കോഴ്സുകൾ അനുവദിക്കാൻ കഴിയാത്തതെന്നാണ് അറിയുന്നത്. കായൽ തീരങ്ങളോട് ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന കേന്ദ്ര സർക്കാർ നിയമമാണ് ഐ.ടി.ഐ യുടെ വികസനത്തിന് തടസമായി നിൽക്കുന്നത്. വിദ്യാർത്ഥികൾക്ക് സമയത്തിന് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരാൻ മതിയായ വാഹന സൗകര്യവും ഇല്ല. പ്രിൻസിപ്പൽ ഉൾപ്പടെ 12 ജീവനക്കാരാണ് ഉള്ളത്. ചന്ദനത്തോപ്പ്, ചാത്തന്നൂർ, ഇളമാട്, കൊട്ടാരക്കര, തേവലക്കര, കൊല്ലം വനിതാ ഐ.ടി.ഐ എന്നിവയാണ് കൊല്ലം ജില്ലയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ.