കൊല്ലം: ഒരു തരത്തിൽ ആർ.എസ്.പികൾ തമ്മിലുള്ള മത്സരമാണ് പെരിനാട് ഡിവിഷനിൽ നടക്കുന്നതെന്ന് പറയാം. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി.പി.രാമകൃഷ്‌ണപിള്ളയുടെ മകൾ ബി. ജയന്തി സി.പി.എമ്മിന് വേണ്ടി മത്സരിക്കുമ്പോൾ ആർ.എസ്.പിയുടെ ലീനാ കൃഷ്ണനാണ് യു.ഡിഎഫ് സ്ഥാനാർത്ഥി. ബി.ജെ.പിക്ക് വേണ്ടി എം.എസ്. അനന്തലക്ഷ്‌മിയും മത്സര രംഗത്ത് സജീവമായി. പെരിനാട്, പനയം, തൃക്കരുവ പഞ്ചായത്തുകൾ ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് പെരിനാട് ഡിവിഷൻ. ആർ.എസ്.പി സ്ഥാനാർത്ഥിയായി മുൻപ് മത്സരിച്ച് വിജയിച്ച ബി. ജയന്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ സി.പി.എം അംഗമാണ്. ആർ.എസ്.പിയുടെ മഹിളാ സംഘടനയിലുൾപ്പെടെ സജീവമായ ലീനാ കൃഷ്‌ണൻ പാർട്ടി വേദികളിലെ പരിചിത മുഖമാണ്. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ എം.എസ്. അനന്തലക്ഷ്‌മി നിയമ വിദ്യാർത്ഥിയാണ്. ഡിവിഷൻ നിലനിറുത്താൻ സി.പി.എം ശക്തമായ ഇടപെടൽ നടത്തുമ്പോൾ തങ്ങളുടെ സംഘടനാ ശേഷിയും സ്വാധീനവും ബോദ്ധ്യപ്പെടുത്തി അട്ടിമറി നടത്താനാണ് ആർ.എസ്.പിയും കോൺഗ്രസും ആഗ്രഹിക്കുന്നത്. വോട്ട് ഉയർത്തുക മാത്രമല്ല, അട്ടിമറി വിജയം തന്നെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
2015ലെ വോട്ട് നില
കെ.രാജശേഖരൻ (സി.പി.എം): 24,146
ബി.രഘുനാഥൻപിള്ള (ആർ.എസ്.പി): 15,280
ജി.അനന്തകൃഷ്ണൻ (ബി.ജെ.പി): 12,266