munnani

 രാവ് പകലാക്കി തിരഞ്ഞെടുപ്പ് ഓട്ടം

കൊല്ലം: പ്രചാരണത്തിന് നവമാദ്ധ്യമ സാദ്ധ്യതകൾ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണെങ്കിലും വീട് വീടാന്തരം കയറാതെ തരമില്ലെന്നാണ് മുന്നണികളുടെ നിലപാട്. നവമാദ്ധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുമ്പോൾ അപ്പുറത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ കമ്മിറ്റിയും ചർച്ചയും വോട്ടർ പട്ടിക വിലയിരുത്തലുമൊക്കെയായി പ്രവർത്തനങ്ങൾ ഏറെയുണ്ട്.

ഓരോ ദിവസവും നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും നാളെ ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ ചർച്ചകളുമാണ് രാത്രിയിലെ അവലോകന യോഗത്തിൽ. ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ രാവേറെ ചെല്ലുമ്പോഴാണ് അവലോകന യോഗങ്ങൾ തുടങ്ങുന്നത് തന്നെ. വോട്ടർ പട്ടിക കൃത്യമായി പഠിച്ച് അവരുടെ രാഷ്ട്രീയവും നിലപാടും വ്യക്തിപരമായ താത്പര്യങ്ങളും വിലയിരുത്തുന്നത് മിക്കപ്പോഴും മുതിർന്ന പ്രവർത്തകരും നേതാക്കളുമാണ്.

ഉറപ്പായും വോട്ട് ചെയ്യുന്നവർ, സ്വാധീനിച്ചാൽ വോട്ട് ചെയ്യാൻ സാദ്ധ്യതയുള്ളവർ, കിട്ടാൻ സാദ്ധ്യതയില്ലാത്ത വോട്ടുകൾ തുടങ്ങി കൃത്യമായ വിലയിരുത്തലുകൾ ഓരോ വാർഡിലും മുന്നണികൾക്കുണ്ട്. വോട്ടർമാരുടെ എണ്ണം, അവരുടെ ജാതി, രാഷ്ട്രീയം, നാട്ടിലുള്ളവർ, ഇല്ലാത്തവർ തുടങ്ങി സകലതും മുന്നണികളുടെ ബൂത്ത് നേതാക്കന്മാരുടെ പക്കലുണ്ട്. നവമാദ്ധ്യമങ്ങളിലെ പ്രചാരണത്തിനപ്പുറം താഴെത്തട്ടിൽ രാവിനെ പകലാക്കുന്ന പ്രവർത്തങ്ങളാണ് മുന്നേറുന്നത്.

 നാട്ടിലും ഓൺലൈനിലും മുന്നിലെത്തണം

സാങ്കേതിക സൗകര്യങ്ങൾ വൻ തോതിൽ ഉയർന്നതോടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾക്കൊപ്പം നവമാദ്ധ്യമങ്ങളിലും മുന്നിലെത്തേണ്ടത് അനിവാര്യമാണ്. ഇതിനായി എല്ലാ ബൂത്തുകളിലും പ്രവർത്തകരുടെ പ്രത്യേക സംഘമുണ്ട്. നവമാദ്ധ്യമ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി സ്വകാര്യ ഏജൻസികളെ നിയോഗിച്ചവരും ധാരാളം. കൊച്ചിയിലും ബംഗളൂരുവിലുമിരുന്ന് കൊല്ലത്തെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ചിന്തയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന തിരഞ്ഞെടുപ്പ് സംഘങ്ങൾ നിരവധിയാണ്.

 വീട് വീടാന്തരം കയറി വോട്ട് പിടിത്തം

1. നവമാദ്ധ്യമങ്ങളിൽ മുന്നിലെത്തിയാലും നാട്ടിലെ ചുവരുകളിൽ പോസ്റ്ററും എഴുത്തുമില്ലെങ്കിൽ സ്ഥാനാർത്ഥി പിൻമാറിയെന്ന് ചർച്ച വരും

2. വലിയൊരു വിഭാഗം വോട്ടർമാർ നവമാദ്ധ്യമങ്ങൾക്ക് പുറത്ത് നിൽക്കുന്ന ഗ്രാമങ്ങളിൽ ചുവരെഴുതി, പോസ്റ്ററൊട്ടിച്ച്, കൊടി തോരണങ്ങൾ കെട്ടി മാത്രമേ പ്രചാരണം നടത്താനാകൂ

3. ശരാശരി ആയിരം വോട്ടർമാരും 400 വീടുകളും മാത്രമുള്ള വാർഡുകളിൽ എല്ലാ വീട്ടിലും എത്താനായില്ലെങ്കിൽ അതും ചർച്ചയാകും

4. അതിനാൽ പരമാവധി ഗൃഹ സമ്പർക്കത്തിലാണ് പ്രവർത്തകരും സ്ഥാനാർത്ഥികളും

''

നവമാദ്ധ്യമങ്ങളിലെ പ്രചാരണം കാര്യമായി നടക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് മാത്രമായില്ല. ഗൃഹ സമ്പർക്കം, മറ്റ് പ്രചാരണങ്ങൾ, കുടുംബ യോഗങ്ങൾ എന്നിവ ഗൗരവമായി നടത്തിയേ മതിയാകൂ.

കെ. ജയചന്ദ്രൻ, പോരുവഴി

എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറി