pipe
PIPE

കൊട്ടാരക്കര : പൈപ്പ് പൊട്ടി ലിറ്റട കണക്കിന് ശുദ്ധജലം പാഴാകുന്നത് അമ്പലംകുന്നിലെ പതിവ് കാഴ്ചയാണ്. പൈപ്പ് പൊട്ടി,​ പൊട്ടി വെള്ളമൊഴുകി റോഡിൽ കുഴിയായി. അതൊടെ റോഡപകടങ്ങളുംകൂടി. ഇതിനൊക്കെ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമില്ല. ആയൂർ- വെളിയം -കേരളപുരം പി.ഡബ്ല്യു.ഡി റോഡിൽ അമ്പലംകുന്ന് കൈതയിൽ ഗുരുദേവ ക്ഷേത്രത്തിന് പാടിഞ്ഞാറാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ സ്ഥിരമായി പൊട്ടി ഒഴുകുന്നത്.

കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കാൻ തയ്യാറല്ല

കഴിഞ്ഞ ഒരുവർഷമായി ഇവിടെ പൈപ്പ് പൊട്ടി ഒഴുകുന്നത് പതിവാണ്. കുടിവെള്ളത്തിന് വേണ്ടി ജനം നെട്ടോട്ടമോടുമ്പോഴാണ് ഇങ്ങനെ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് .നാട്ടുകാരുടെ പരാതി കുറേയാകുമ്പോൾ വാട്ടർ അതോറിട്ടി ജീവനക്കാർ വന്ന് പൈപ്പ് ലൈൻ ശരിയാക്കി മടങ്ങും. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടും. എന്നാൽ പൈപ്പ് പൊട്ടാതിരിക്കാൻ സ്ഥിരമായി പൈപ്പ് പൊട്ടുന്ന ഭാഗം കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കാൻ അധികൃതർ തയ്യാറാകാറില്ല. കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരോട് 'എന്നാൽ നിങ്ങൾക്കങ്ങ് ചെയ്താൽ പോരെ' എന്നാണ് വാട്ടർ അതോറിട്ടിക്കാർ പറയുന്നത്. നിലവാരം കുറഞ്ഞ പൈപ്പുകളോ അറ്റകുറ്റപണികളിലെ വീഴ്ചയോ ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയോ ആണ് പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

കുഴികളിൽ വീണ് അപകടങ്ങളും

കഴിഞ്ഞ ഒരുുമാസമായി പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു എന്നതുമാത്രമല്ല.രാത്രി ഇതുവഴി വരുന്ന വാഹനങ്ങൾ പലപ്പോഴും പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളിൽ വീണ് അപകടങ്ങളും ഉണ്ടാകുന്നു.ആയൂർ ഭാഗത്തുനിന്നും കൊല്ലത്തേക്കു പോകുന്ന പ്രധാന റോഡിൽ നൂറുകണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്നുണ്ട്.തമിഴ് നാട് ഭാഗത്ത് നിന്നും രാത്രി ഇതുവഴി വരുന്ന ലോറികളും ചരക്കുവാഹനങ്ങളും വാട്ടർ അതോറിട്ടിയുടെ ചതിക്കുഴികളിൽ

വീഴുന്നു .എന്നിട്ടും ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു.എത്രയും വേഗം നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുകയും അപകടക്കെണി ഇല്ലാതാക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് രൂപം നൽകുമെന്ന് പ്രദേശവാസികൾ പറയുന്നു.