പുനലൂർ:പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂർ -കോന്നി റീച്ചിന്റെ നവീകരണ ജോലികൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് കരാറുകാരൻ മന്ത്രി കെ.രാജുവിനെ അറിയിച്ചു.നിർമ്മാണ ജോലികളുടെ സർവേ നടപടികൾ വിലയിരുത്താൻ പുനലൂർ ടി.ബി.ജംഗ്ഷനിൽ എത്തിയതായിരുന്നു മന്ത്രി.പാതയിലെ പുനലൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ ദൂരത്തിലുളള റോഡിൽ നാല് ജംഗ്ഷനുകൾ വികസിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിക്കൊപ്പം എത്തിയ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നവീകരണം ഇങ്ങനെ
പുനലൂരിന് സമീപത്തെ മുക്കടവിൽ പുതിയ പാലം, ഏഴ് പുതിയ കലുങ്കുകൾ, നാല് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 1.8കിലോമീറ്റർ ദൂരത്തിൽ ഇന്റർ ലോക്ക് കട്ടകൾ പാകിയ നടപ്പാത, 6 വലിയ വളവുകൾ നിവർത്തുന്നതടക്കമുളള പദ്ധതികളാകും മണ്ഡലത്തോട് ചേർന്ന പ്രദേശത്ത് നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.29.84കിലോ മീറ്റർ ദൂരത്തിൽ 221കോടി രൂപ ചെലവഴിച്ച് പത്ത് മീറ്റർ വീതയിലാണ് പതയുടെ നവീകരണ ജോലികൾ ആരംഭിക്കുന്നത്.പ്രോജക്റ്റ് മാനേജർ ബിജു വർഗീസ്, ഈസ്റ്റ് ഡെപ്യൂട്ടീ പ്രോജക്റ്റ് മാനേജർ സൂരജ് റോയി തുടങ്ങിയ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥല പരിശോധനയ്ക്ക് എത്തിയിരുന്നു.