എല്ലാ മുന്നണി സ്ഥാനാർത്ഥികളുടെയും പത്രിക അംഗീകരിച്ചു
കൊല്ലം: നഗരസഭയിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ 15 പേരുടെ പത്രിക തള്ളിപ്പോയി. ആകെ പത്രിക സമർപ്പിച്ചത് 340 പേരാണ്. പത്രികയിൽ കടന്നുകൂടിയ പിഴവുകൾ, ബന്ധപ്പെട്ട രേഖകളുടെ കുറവ് എന്നിവ കണക്കിലെടുത്താണ് 15 പേരുടെ പത്രിക തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോഴേ യഥാർത്ഥ ചിത്രം വ്യക്തമാകൂ. ഇന്നലത്തെ ദിവസം കഴിഞ്ഞതോടെ പ്രമുഖ മുന്നണികൾക്ക് ആശ്വാസമായി. നഗരസഭയിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളിൽ ആരുടെയും പത്രിക തള്ളിയില്ല. ചില സ്ഥാനാർത്ഥികൾ ഒന്നിലധികം സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. ഇതിന് പുറമേ മുന്നണി സ്ഥാനാർത്ഥികൾക്കെല്ലാം ഡമ്മികളുമുണ്ട്. ഇതെല്ലാം സഹിതം 572 പത്രികകളാണ് ആകെ ലഭിച്ചത്. ഇതിൽ 18 പത്രികകളാണ് തള്ളിയത്. ഇനി 572 പേരാണ് ബാക്കിയുള്ളത്.
പത്രിക പരിശോധനക്കിടെ തർക്കവും ബഹളവും
താമരക്കുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്ന ഏണസ്റ്റിന്റെ പത്രിക സ്വീകരിക്കാനുള്ള തീരുമാനത്തിൽ സൂക്ഷ്മ പരിശോധനക്കിടെ കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികൾ പ്രതിഷേധിച്ചു. ആംബുലൻസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ ക്രമക്കേടിൽ 2010 മുതൽ 14 വരെ മേയറായിരുന്ന പ്രസന്ന ഏണസ്റ്റിന് ആറ് ലക്ഷം രൂപയുടെ സർചാർജ് നോട്ടീസ് നൽകിയിരുന്നു. അതുകൊണ്ട് പ്രസന്ന ഏണസ്റ്റിന്റെ പത്രിക തള്ളണമെന്നുമായിരുന്നു ആവശ്യം. സർചാർജ് നടപടി കോടതി സ്റ്റേ ചെയ്തിട്ടുള്ളതിനാൽ പത്രിക തള്ളാനാവില്ലെന്ന നിലപാടിലായിരുന്നു റിട്ടേണിംഗ് ഓഫീസർ. തർക്കം ഒന്നര മണിക്കൂറോളമാണ് നീണ്ടത്. പ്രസന്ന ഏണസ്റ്റിന്റെ പത്രികയ്ക്കെതിരെ കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികൾ പരാതി നൽകിയ ശേഷം അതിന്റെ പകർപ്പിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പ് രേഖപ്പെടുത്തി വാങ്ങിയ ശേഷമാണ് മടങ്ങിയത്.
വിമതശല്യം ഒഴിവാക്കാൻ ശ്രമം
പത്രിക പിൻവലിക്കാനുള്ള സമയം കഴിയുമ്പോൾ ആകെ സ്ഥാനാർത്ഥികൾ 250ൽ താഴെയായി ചുരുങ്ങാനാണ് സാദ്ധ്യത. വിമതരുമായുള്ള ചർച്ചകൾ പൂർത്തിയാകുമ്പോൾ മുന്നണി സ്ഥാനാർത്ഥികളിൽ തന്നെ ചിലയിടത്ത് മാറ്റമുണ്ടാകുമെന്ന സൂചനയുണ്ട്. നേതാക്കൾ നേരിൽ കണ്ട് ആശ്വസിപ്പിച്ചതോടെ ചില വിമതർ ഇന്നലെ തന്നെ പിൻവാങ്ങാൻ തയ്യാറായിട്ടുണ്ട്.